പ്രിട്ടോറിയ
അയർലൻഡിനെ മഴനിയമത്തിൽ തോൽപ്പിച്ച് വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ കടന്നെങ്കിലും ഇന്ത്യ ആത്മവിശ്വാസത്തിലല്ല. നാളെ ഓസ്ട്രേലിയക്കെതിരെ സെമി കളിക്കാനിറങ്ങുമ്പോൾ ബാറ്റർമാരുടെ മെല്ലെപ്പോക്കാണ് ആശങ്ക. നിലവിലെ ചാമ്പ്യൻമാരായ ഓസീസ് ഗ്രൂപ്പ് ഘട്ടത്തിൽ നാലു കളിയും ജയിച്ചാണ് മുന്നേറിയത്. ഇന്ത്യ മൂന്നു കളി ജയിച്ചു. ഒന്നിൽ തോറ്റു. റണ്ണെടുക്കാത്ത പന്തുകളുടെ എണ്ണം ഇന്ത്യയുടെ ഇന്നിങ്സുകളിൽ കൂടുതലാണ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ആശങ്കയും ഇക്കാര്യത്തിലാണ്.
മഴനിയമപ്രകാരം അയർലൻഡിനെ അഞ്ചു റണ്ണിന് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ സെമിപ്രവേശം. ഈ കളിയിൽ 41 പന്തിൽ ഇന്ത്യക്ക് റണ്ണെടുക്കാൻ കഴിഞ്ഞില്ല. സ്മൃതി മന്ദാനയൊഴികെ മറ്റൊരു ബാറ്റർക്കും മികച്ച കളി പുറത്തെടുക്കാനായില്ല. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്ണായിരുന്നു നേടിയത്. 10 ഓവർ കഴിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ എടുക്കാനായത് 63 റൺ. അയർലൻഡ് ആറോവറിൽ രണ്ട് വിക്കറ്റിന് 42 റണ്ണാണ് അടിച്ചെടുത്തത്. ഒരുഘട്ടത്തിൽ ജയപ്രതീക്ഷയിലായിരുന്നു അയർലൻഡ്. എന്നാൽ, മഴ ആ മോഹം കെടുത്തി. ഫീൽഡിങ് സമയത്ത് പാഴാക്കിയ ക്യാച്ചുകളും അവരുടെ വിധിയെഴുതി. ഇംഗ്ലണ്ടിനെതിരെ തോറ്റപ്പോൾ ഇന്ത്യൻ ബാറ്റർമാർ റണ്ണെടുക്കാതെ വിട്ടുകളഞ്ഞത് 51 പന്തുകളാണ്. ഈ കണക്കിലാണ് ഇന്ത്യ തോറ്റുപോയത്.
‘ഇംഗ്ലണ്ടിനെതിരെ ഞങ്ങൾ ഒരുപാട് പന്തുകൾ വിട്ടുകളഞ്ഞു. ടീം യോഗത്തിൽ ഇത് ചർച്ച ചെയ്തതാണ്. എന്നാൽ, ചില സമയത്ത് എതിരാളികളുടെ ബൗളിങ് മികവും നമ്മളെ തടയും. എന്നിരുന്നാലും റണ്ണെടുക്കാതെ വിട്ടുകളയുന്ന പന്തുകൾ ആശങ്കതന്നെയാണ്. അടുത്ത കളിയിൽ അത് പരിഹരിക്കും’–- ഹർമൻപ്രീത് കൗർ പറഞ്ഞു.
മന്ദാനയിലാണ് സെമിയിൽ ഇന്ത്യയുടെ പ്രതീക്ഷ. പാകിസ്ഥാനെതിരായ ആദ്യകളിയിൽ പരിക്കുമൂലം പുറത്തിരുന്ന മന്ദാന അടുത്ത മൂന്നു കളിയിൽ നേടിയത് 149 റണ്ണാണ്. റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിലാണ് ഈ ഇടംകൈ ബാറ്റർ. രണ്ട് അരസെഞ്ചുറികൾ നേടി. 122 റണ്ണെടുത്ത റിച്ചാ ഘോഷ് അഞ്ചാമതുണ്ട്. വിക്കറ്റ് വേട്ടക്കാരിൽ ഏഴെണ്ണവുമായി രേണുക സിങ് താക്കൂറുണ്ട്
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ 114 റണ്ണിന് തകർത്തു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇംഗ്ലണ്ട് സെമിയിൽ കടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റണ്ണാണ് അടിച്ചുകൂട്ടിയത്. നതാലി സ്കിവെർ ബ്രുന്റ് 40 പന്തിൽ 81 റണ്ണുമായി പുറത്താകാതെനിന്നു. ഡാനിയേലെ വ്യാത് 33 പന്തിൽ 59 റണ്ണെടുത്തു. മറുപടിക്കെത്തിയ പാകിസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 99 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.















