കൊച്ചി
ജമാഅത്തെ ഇസ്ലാമി–-ആർഎസ്എസ് രഹസ്യകൂടിക്കാഴ്ച ആർഎസ്എസിന് കേരളത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രഭരണം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാനാണ് ആർഎസ്എസും സംഘപരിവാർ ശക്തികളും ശ്രമിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷശക്തികളെ അണിനിരത്തി പോരാടുകയാണ് ഡിവൈഎഫ്ഐയും ഇടതുപക്ഷപ്രസ്ഥാനങ്ങളും. ഈ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന നീക്കമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. ഇത് പൊതുസമൂഹം ഗൗരവത്തിൽ കാണണമെന്നും സനോജ് പറഞ്ഞു.
രഹസ്യകൂടിക്കാഴ്ചയ്ക്കെതിരെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും മുസ്ലിംലീഗ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതൃത്വങ്ങളും പുലർത്തുന്ന മൗനം സംശയാസ്പദമാണ്.
എക്കാലത്തും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐയുടേത്. ഡിവൈഎഫ്ഐക്ക് ജമാഅത്തെ ഇസ്ലാമിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. തില്ലങ്കേരിയിലെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. മാഫിയസംഘങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും. ആലപ്പുഴയിലെ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശികനേതാവിനെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. രാഷ്ട്രീയപാർടികളിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികൾ ക്ഷേത്രഭാരവാഹികളാകുന്നതിൽ തെറ്റില്ലെന്നും സനോജ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എറണാകുളം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, പ്രസിഡന്റ് അനീഷ് എം മാത്യു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.















