ബംഗളൂരു> കര്ണാടകയില് വനിതാ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥര് തമ്മിലുള്ള പോരിന് ക്ലൈമാക്സ് നല്കി സര്ക്കാര്. രണ്ട് വനിതാ ഉദ്യോഗസ്ഥരെയും പോസ്റ്റിങ്ങ് നല്കാതെ സ്ഥലംമാറ്റി സര്ക്കാര് ഉത്തരവിറക്കി. രൂപ മുട്ഗില് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയും രോഹിണി സിന്ധൂരി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥയും തമ്മിലാണ് സാമൂഹികമാധ്യമങ്ങളില് പൊരിഞ്ഞ അടി നടന്നത്.
രൂപ തന്റെ ഫേസ്ബുക്ക് പേജില് രോഹിണിയുടെ സ്വകാര്യചിത്രങ്ങള് പോസ്റ്റ് ചെയ്യുകയും, രോഹിണി ഈ ചിത്രങ്ങള് മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥര്ക്ക് പങ്കുവെച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രോഹിണി ശക്തമായി രംഗത്തുവന്നു. തുടര്ന്ന് സോഷ്യല് മീഡിയയില് ഇരുവരും തമ്മില് തര്ക്കം തുടങ്ങി. പരസ്പരം ഭ്രാന്തിയെന്നും കഴിവുകെട്ടവരെന്നും വിശേഷിപ്പിച്ചായിരുന്നു ഉഗ്രന് അടി അരങ്ങേറിയത്.
അടി കലശലായതോടെയാണ് സര്ക്കാര് ഇടപെട്ടത്. ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ അപലപിച്ചും കര്ശനമായ താക്കീത് നല്കിക്കൊണ്ടും കര്ണാടകത്തിലെ ആഭ്യന്തരമന്ത്രി അറക ജ്ഞാനേന്ദ്ര രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.















