കളമശേരി> കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘടിത ആക്രമണം. സമരക്കാർ അസിസ്റ്റന്റ് പൊലീസ് കമീഷണർ പി വി ബേബിയെ കൈയേറ്റം ചെയ്ത് ബാഡ്ജ് വലിച്ചുകീറി. തുടർന്ന് പൊലീസിനുനേരെ വ്യാപകമായി കൈയേറ്റമുണ്ടായതോടെ അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി.
അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഏഴ് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചികിത്സ തേടി. ആക്രമണം നടത്തിയ 12 സമരക്കാരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പൊലീസുകാരെ കൈയേറ്റം ചെയ്ത് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരായ കണ്ണൻ, സനൂജ്, സുനിൽ, മിജിൽ കുമാർ എന്നിവർ കളമശേരി കിൻഡർ ആശുപത്രിയിലും മനോജ് കുമാർ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
ഒരാഴ്ചമുമ്പ് കണ്ടെയ്നർ റോഡിൽ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുമുന്നിലേക്ക് ചാടാൻ മറഞ്ഞുനിന്ന കെഎസ്യു പ്രാദേശിക വനിതാനേതാവിനെ പുരുഷ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മാർച്ച്.
ഷാഫി പറമ്പിൽ സമരം ഉദ്ഘാടനം ചെയ്തശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസംഗത്തോടെ ആക്രമണം തുടങ്ങി. ഇതോടെ രണ്ടുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കാൻ സമരക്കാരുമായി ധാരണയായി.
അറസ്റ്റിനിടെ സമരക്കാർ അസിസ്റ്റന്റ് കമീഷണറെയും പൊലീസുകാരെയും ആക്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. അക്രമികളെ സ്റ്റേഷനിൽ എത്തിച്ച വിവരം അറിഞ്ഞെത്തിയ ഷാഫി പറമ്പിൽ തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസുകാർ കൈപിടിച്ചുതിരിച്ചുവെന്നും ലാത്തികൊണ്ട് നെഞ്ചിലമർത്തിയെന്നും പറഞ്ഞ് ഷാഫി പറമ്പിൽ ബഹളമുണ്ടാക്കി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉമ തോമസ്, ടി ജെ വിനോദ്, ജില്ലയിലെ മുതിർന്ന നേതാക്കൾ എന്നിവർ സ്റ്റേഷനിലെത്തി.
അറസ്റ്റ് ചെയ്തവരെ, ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടയച്ചു.















