ഇടുക്കി> ശാന്തന്പാറ, ചിന്നക്കനാല് മേഖലയില് ‘അരിക്കൊമ്പന്’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നല്കി ഉത്തരവായതായി വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ഇടുക്കി കലക്ടറേറ്റില് ജനുവരി 31-ന് മന്ത്രി എ കെ ശശീന്ദ്രന് അധ്യക്ഷതയില് ചേര്ന്ന സര്വകക്ഷിയോഗത്തിന്റെ തുടര്ച്ചയായാണ് സര്ക്കാര് തീരുമാനം.
കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര് ധരിപ്പിച്ച് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കുങ്കിയാനകളുടെ സേവനം ഹൈറേഞ്ച് സര്ക്കിള് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്ക്ക് ലഭ്യമാക്കാനും നിര്ദ്ദേശം നല്കിയിട്ടുണ്ട്. കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കും.
ദുര്ഘട ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തില് കയറ്റി നീക്കം ചെയ്യാന് സാധിക്കാത്തപക്ഷം ഗ്ലോബല് സിസ്റ്റം ഫോര് മൊബൈല് കമ്യൂണിക്കേഷന് ( ജി എസ് എം) റേഡിയോ കോളറിങ് നടത്തി നിരീക്ഷിക്കാനും ഉള്ക്കാട്ടിലേക്ക് മാറ്റാനുംനീക്കമുണ്ട്.
ഏഴ് വര്ഷത്തിനിടെ ദേവികുളം റേഞ്ചില് കാട്ടാനയുടെ ആക്രമണത്തില് വനംവകുപ്പ് വാച്ചര് ശക്തിവേലുള്പ്പെടെ 13 പേര് മരണപ്പെടുകയും മൂന്ന് പേര്ക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു. 24 വീടുകളും നാല് വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പന് ഇക്കഴിഞ്ഞ മാസം മാത്രം മൂന്ന് കടകള് തകര്ക്കുകയും അരിയും മറ്റ് റേഷന് സാധനങ്ങളും കവരുകയും ചെയ്തിരുന്നു. ജനങ്ങളുടെ സൈ്വര്യജീവതം ദുസ്സഹമാകുകയും ജനരോഷം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില് വനം മന്ത്രി എ കെ ശശീന്ദ്രന് മുന്കൈയെടുത്താണ് സര്വകക്ഷിയോഗം വിളിച്ചതും തുടര് നടപടി സ്വീകരിച്ചത്.
വയനാട്ടിലും പാലക്കാടും സമാനസാഹചര്യത്തില് കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് കാട്ടാനകളെയും ഒരു കടുവയെയും മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചിട്ടുണ്ട്.















