ന്യൂഡൽഹി
കോൺഗ്രസിന്റെ 85–-ാമത് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകസമിതി രൂപീകരിക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നു. പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. നേതൃത്വവുമായി അടുപ്പമുള്ള ചില പ്രമുഖ നേതാക്കൾ തെരഞ്ഞെടുപ്പ് നടത്താതെ തൽസ്ഥിതി തുടരണമെന്നതിൽ ഉറച്ചുനിൽക്കുകയാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ കോൺഗ്രസ് പ്രസിഡന്റിന് സുഗമമായി തീരുമാനങ്ങൾ എടുക്കാൻ തടസ്സമുണ്ടാക്കുമെന്നാണ് വാദം.
ഛത്തീസ്ഗഢ് റായ്പുരിൽ 24 മുതൽ 26 വരെയാണ് പ്ലീനറി സമ്മേളനം. പ്രവർത്തകസമിതിയിലേക്ക് 12 പേരെ തെരഞ്ഞെടുപ്പിലൂടെയും 11 പേരെ നാമനിർദേശത്തിലൂടെയും അംഗങ്ങളാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, 25 വർഷമായി തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. 1996ൽ കൽക്കത്ത പ്ലീനറി സമ്മേളനത്തിലായിരുന്നു അവസാന തെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമർശമുന്നയിച്ചിരുന്ന ജി–-23 നേതാക്കളുടെ പ്രധാന ആവശ്യം പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു.
പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടതായാണ് വിവരം. തെരഞ്ഞെടുപ്പുണ്ടായാൽ ആരെല്ലാം മത്സരിക്കുമെന്ന ചർച്ചകളും സജീവമാണ്. മത്സരിക്കാനില്ലെന്ന് ശശി തരൂരും മനീഷ് തിവാരിയും അറിയിച്ചിട്ടുണ്ട്. എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഉൾപ്പെടെ കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കൾ പ്രവർത്തകസമിതിയിൽനിന്ന് ഒഴിവായേക്കും.