ന്യൂഡൽഹി
നിലവിൽ ജോലിയിൽ തുടരുന്നവർക്കും 2014 സെപ്തംബറിനുശേഷം വിരമിച്ചവർക്കും ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാനുള്ള മാനദണ്ഡങ്ങൾ വിശദമാക്കിയുള്ള ഇപിഎഫ്ഒ സർക്കുലർ വൈകുന്നു. ശനിയാഴ്ച അവസാനിച്ച ആഴ്ചയിൽ സർക്കുലർ പുറപ്പെടുവിക്കണമെന്ന് തൊഴിൽ മന്ത്രാലയം കത്തുനൽകിയിട്ടും ഇപിഎഫ്ഒ തയ്യാറായിട്ടില്ല. സുപ്രീംകോടതി വിധിപ്രകാരം ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകാനുള്ള അനുമതി കേന്ദ്ര സർക്കാരിൽനിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇപിഎഫ്ഒ അധികൃതരുടെ വിശദീകരണം.
ഓപ്ഷൻ നൽകാതെ 2014ന് സെപ്തംബറിനുമുമ്പ് വിരമിച്ചവർക്കും അതിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്കുംമാത്രമാണ് സുപ്രീംകോടതി വിധിപ്രകാരം ഉയർന്ന പെൻഷൻ ഓപ്ഷന് അവകാശമില്ലാത്തത്. ഓപ്ഷൻ നൽകി 2014 സെപ്തംബറിനു മുമ്പായി വിരമിച്ചവർ, ഓപ്ഷൻ നൽകാതെ തന്നെ 2014 സെപ്തംബറിനുശേഷം വിരമിച്ചവർ, 2014 സെപ്തംബറിനുമുമ്പ് ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഉയർന്ന ഓപ്ഷൻ നൽകാൻ അവസരമൊരുക്കണമെന്നാണ് നവംബറിലെ സുപ്രീംകോടതി വിധി. ഓപ്ഷൻ നൽകാൻ നാലുമാസ സമയപരിധിയും കോടതി അനുവദിച്ചു. ഇത് മാർച്ച് നാലോടെ അവസാനിക്കും. എന്നാൽ, ഇതുവരെ വിഷയത്തിൽ ഒരു സർക്കുലറാണ് ഇപിഎഫ്ഒ പുറപ്പെടുവിച്ചത്.