തിരുവനന്തപുരം
വനിത ജീവനക്കാർക്കെതിരെ ആക്രമണങ്ങൾ ആവർത്തിച്ചിട്ടും സുരക്ഷയ്ക്കായി റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.ചെങ്കൊട്ടയ്ക്കടുത്ത് പാവൂർഛത്രം റെയിൽവെ ഗേറ്റിൽ മലയാളിയായ ജീവനക്കാരി ആക്രമിക്കപ്പെട്ടിട്ട് മൂന്നുദിവസമായിട്ടും പ്രതി പിടിയിലായിട്ടില്ല.
കേരളത്തിലടക്കം ഗേറ്റുകളിലും ലൈൻപരിശോധനയ്ക്കും ലെവൽ ക്രോസ് കാവലായും നിരവധി വനിതാ ജീവനക്കാരുണ്ട്. നേരത്തേ മുരുക്കുംപുഴ റെയിൽവേ ക്രോസിൽ വനിതാ ജീവനക്കാരി ആക്രമിക്കപ്പെട്ടിരുന്നു. ഗേറ്റുകളിൽ സുരക്ഷയില്ലെന്ന് അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഗണിക്കുന്നില്ല. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലും സുരക്ഷയൊരുക്കാൻ കഴിയില്ലെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചത്. പ്രായോഗിക ബുദ്ധിമുട്ടുകളാണ് റെയിൽവേ പറയുന്നത്. എന്നാൽ, ലൈൻ എൻജിനിയർമാരടക്കം രാത്രികാലങ്ങളിൽ വിജനമായ മേഖലയിൽ ജോലി നോക്കേണ്ടിവരുന്നുണ്ട്.
ഇതിനു പുറമെ മേലുദ്യോഗസ്ഥരിൽനിന്ന് പീഡനമുണ്ടാകുന്നുണ്ടെന്ന് വനിതാ ജീവനക്കാർ പറയുന്നു. മയിലാടുതറയിൽ എൻജിനിയറിൽനിന്നുണ്ടായ പീഡനശ്രമത്തിനെതിരെ മലയാളി ജീവനക്കാരി നേരത്തേ പരാതിപ്പെട്ടിരുന്നു. 18 മലയാളി വനിതകളാണ് ഇതേ എൻജിനിയറുടെ കീഴിലുണ്ടായിരുന്നത്. കേരളത്തിൽനിന്നുള്ള ജനപ്രതിനിധികൾ ഇടപെടണമെന്നുവരെ തിരുച്ചിറപ്പള്ളിയിലെ മലയാളി ജീവനക്കാരികൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സുരക്ഷയ്ക്കായി റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.