മ്യൂണിക്
അദാനിയുടെ ഓഹരി കുംഭകോണം ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ പതനത്തിന്റെ തുടക്കമാണെന്ന് ഹംഗേറിയൻ ജീവകാരുണ്യ പ്രവർത്തകനും ശതകോടീശ്വരനുമായ ജോർജ് സോറോസ്. ജർമനിയിലെ സുരക്ഷാ സമ്മേളനത്തിൽ സോറോസിന്റെ തുറന്നുപറച്ചില്‍ ആഗോളവേദിയില്‍ മോദിക്കെതിരെ ഉയര്‍ന്ന ശക്തമായ ശബ്ദമായി. അദാനിയുടെ തട്ടിപ്പില്‍ മോദി മൗനത്തിലാണ്. ഓഹരി തട്ടിപ്പിനെക്കുറിച്ചുള്ള വിദേശ നിക്ഷേപകരുടെയും പാർലമെന്റിന്റെയും ചോദ്യങ്ങൾക്ക് മോദി മറുപടി നൽകേണ്ടിവരും.മോദിയുടെ തകർച്ചയുടെ തുടക്കമായിരിക്കുമിത്. അതോടെ ഇന്ത്യയില്‍ ജനാധിപത്യത്തിന് പുനരുജ്ജീവനമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. എന്നാല്‍, ജോർജ് സോറോസിന്റെ പ്രതികരണത്തിനെതിരെ ബിജെപിയും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് അടക്കമുള്ളവരും രംഗത്തെത്തി. രാജ്യത്തിനെതിരായ അധിക്ഷേപമാണ് ഉണ്ടായതെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അന്താരാഷ്ട്രതലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും അവകാശപോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലൂടെ ശ്രദ്ധേയനാണ് ജോർജ് സോറോസ്. ഹംഗറിയിലെ തീവ്രവലതുപക്ഷ വിഭാഗത്തിന്റെ നിരന്തര വേട്ടയ്ക്ക് ഇരയാകുന്ന സോറോസ് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന സ്ഥാപിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പോരാട്ടമാണ് സംഘടനയുടെ ലക്ഷ്യം.