കാഞ്ഞങ്ങാട്
‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനികസമൂഹം, വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്ടിഎ 32–ാം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കാഞ്ഞങ്ങാട്ട് കൊടിയേറും. അലാമിപ്പള്ളിയിലെ നഗരസഭാ ബസ്സ്റ്റാൻഡ് പരിസരത്തെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ശനി വൈകിട്ട് ആറിന് സംഘാടകസമിതി ചെയർമാൻ എം വി ബാലകൃഷ്ണൻ പതാകയുയർത്തും. 85 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 964 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. 284 പേർ വനിതകൾ.
ശനി രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം ഞായർ രാവിലെ ഒമ്പതിന് ടി ശിവദാസമേനോൻ നഗറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ‘വർഗീയതയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയും’ വിഷയത്തിൽ എം സ്വരാജ് പ്രഭാഷണം നടത്തും.
തിങ്കൾ രാവിലെ 9.30ന് വിദ്യാഭ്യാസ സൗഹൃദ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. അധ്യാപകലോകം പുരസ്കാരം സമ്മാനിക്കും. പകൽ രണ്ടിന് ഹൊസ്ദുർഗ് സ്മൃതിമണ്ഡപത്തിൽനിന്ന് അധ്യാപക പ്രകടനം ആരംഭിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് പുതിയ സംസ്ഥാന കൗൺസിലിനെ തെരഞ്ഞെടുക്കും. ചൊവ്വ പകൽ രണ്ടിന് യാത്രയയപ്പ് സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രോഗികൾക്കുള്ള കൂട്ടിരുപ്പുകേന്ദ്രം കെഎസ്ടിഎ നവീകരിച്ചുനൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.