ന്യൂഡൽഹി
ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് ബജ്റംഗദൾ അക്രമികൾ രണ്ടു മുസ്ലിം യുവാക്കളെ ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘട്ട്മീക്കാ ഗ്രാമത്തിലെ ജുനൈദ്, നസീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ബജ്റംഗദൾ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഹരിയാന–- രാജസ്ഥാൻ അതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന ജുനൈദിനെയും നസീറിനെയും ബജ്റംഗദളിന്റെ ഗോരക്ഷാ സംഘം ആക്രമിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ പൂർണമായും കത്തിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നമ്പർപ്ലേറ്റ് നോക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത്.
ദിവസങ്ങൾക്കുമുമ്പ് ഹരിയാനയിലെ നൂഹ് മേഖലയിൽ വാരിസ് എന്ന ഇരുപത്തൊന്നുകാരനെ പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിൽ സ്വയം പൊലീസ് ചമഞ്ഞ് പ്രവർത്തിക്കുന്ന ക്രിമിനലായ ബജ്റംഗദൾ നേതാവ് മോനുമനേസറിന്റെ നേതൃത്വത്തിലുള്ളവരാണ് കൊലയ്ക്കു പിന്നിലെന്ന് ബന്ധുക്കൾ പറഞ്ഞു.ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബാബാ രാംദേവ് തുടങ്ങിയവർക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയി മർദിക്കുന്ന മോനുമനേസറും സംഘവും മർദനത്തിന്റെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കാറുണ്ട്.
ജുനൈദിന്റെയും നസീറിന്റെയും കൊലപാതകത്തെതുടർന്ന് ഘട്ട്മീക്കാ ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലവിലുണ്ട്. വെള്ളിയാഴ്ച പകൽ രണ്ടായിരത്തോളം ആളുകൾ പ്രതിഷേധമാര്‍ച്ച് നടത്തി.