ന്യൂഡൽഹി
അദാനി–- ഹിൻഡൻബർഗ് കേസ് അന്വേഷിക്കാനുള്ള വിദഗ്ധ സമിതിയിലെ അംഗങ്ങളെ നിർദേശിച്ച് കേന്ദ്രസർക്കാർ കൈമാറിയ മുദ്രവെച്ച കത്ത് സുപ്രീംകോടതി തള്ളി. സമിതി അംഗങ്ങളെയും പരിഗണനാവിഷയവും സുപ്രീംകോടതി തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലും അദാനിയുടെ ഓഹരിത്തകർച്ചയിലും മൗനം തുടരുന്ന കേന്ദ്രസർക്കാരിന് സുപ്രീംകോടതി തീരുമാനം കനത്ത തിരിച്ചടിയായി. സർക്കാർ പറയുന്നവരെ അംഗങ്ങളാക്കിയാൽ അത് സർക്കാർ സമിതിയാകുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇത്തരം സമിതികളിൽ പൊതുജനങ്ങൾക്ക് പൂർണവിശ്വാസമുണ്ടാകണം. അതിൽ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി നിർദേശിച്ച വിദഗ്ധ സമിതി എന്തെല്ലാം വിഷയം പരിഗണിക്കണം, ആരെല്ലാം അംഗങ്ങളാകണം തുടങ്ങിയ വിശദാംശങ്ങളാണ് കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറാന് ശ്രമിച്ചത്. ഇത് കൈപ്പറ്റാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. മറ്റ് കക്ഷികളോ പൊതുജനങ്ങളോ അറിയാൻ പാടില്ലെന്നാണ് മുദ്രവച്ച കവറിന്റെ അർഥമെന്നും അത് സ്വീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. പരിഗണനാ വിഷയങ്ങൾ, അംഗങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ടുകൾക്കു പിന്നാലെ അദാനിഗ്രൂപ്പിന്റെ ഓഹരിമൂല്യം ഇടിഞ്ഞതോടെ രാജ്യത്തെ നിക്ഷേപകർക്ക് ലക്ഷക്കണക്കിനു കോടി രൂപ നഷ്ടപ്പെട്ടതിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഭാവിയിൽ ഇത്തരം തകർച്ചകൾ ആവർത്തിക്കാതിരിക്കാനും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുമാണ് വിദഗ്ധ സമിതി രൂപീകരിക്കാന് കോടതി ശുപാർശ ചെയ്തത്. സമിതി രൂപീകരിക്കുന്നതിൽ വിയോജിപ്പില്ലെന്ന് അറിയിച്ച കേന്ദ്രം ആരൊക്കെ അംഗങ്ങളാകണമെന്നും പരിഗണനാ വിഷയം നിർദേശിക്കാനുള്ള അധികാരവും സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ്, പേരുകൾ സർക്കാർ മുദ്രവച്ച കവറിൽ കൈമാറിയത്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിശാൽ തിവാരിയും അഡ്വ. എം എൽ ശർമയും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.