ന്യൂഡൽഹി
ഡൽഹി ടെസ്റ്റിന്റെ ആദ്യദിനം കഴിഞ്ഞപ്പോൾ ഇന്ത്യയും ഓസ്ട്രേലിയയും ഒരുപോലെ സംതൃപ്തരാണ്. ആദ്യദിനംതന്നെ ഓസീസിനെ പുറത്താക്കിയതിലാണ് ഇന്ത്യയുടെ നേട്ടം. എന്നാൽ, 263 റൺ മോശം സ്കോറല്ല എന്ന കണക്കുകൂട്ടലിലാണ് ഓസീസ്. ഒരു പേസറെമാത്രം ഉൾപ്പെടുത്തി, മൂന്ന് സ്പിന്നർമാരുമായാണ് ഓസീസ് കളിക്കാനെത്തിയത്. ഡൽഹി പിച്ചിൽ ആദ്യദിനംതന്നെ ടേൺ കിട്ടുന്നുണ്ട്. ഉസ്മാൻ ഖവാജ (81), പീറ്റർ ഹാൻഡ്സ്കോമ്പ് (72) എന്നിവരുടെ പ്രകടനമാണ് ഓസീസിനെ ഒന്നാംഇന്നിങ്സിൽ 263ൽ എത്തിച്ചത്. മറുപടിക്കെത്തിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്ണെടുത്ത് ആദ്യദിനം അവസാനിപ്പിച്ചു. മൂന്നുവീതം വിക്കറ്റുമായി അശ്വിനും ജഡേജയും സ്പിൻ ആധിപത്യം തുടർന്നപ്പോൾ നാല് വിക്കറ്റുമായി പേസർ മുഹമ്മദ് ഷമി ഓസീസിനെ ഞെട്ടിച്ചു. ജഡേജയ്ക്ക് ടെസ്റ്റിൽ 250 വിക്കറ്റായി. നാഗ്പുരിലെ തോൽവിയിൽ പാഠമുൾക്കൊണ്ടായിരുന്നു ഓസീസ് ഡൽഹിയിലെത്തിയത്. ടോസ് കിട്ടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തെരഞ്ഞെടുത്തു.
ഓപ്പണർമാരായ ഖവാജയും ഡേവിഡ് വാർണറും ആദ്യ വിക്കറ്റിൽ നേടിയത് 50 റൺ. ഇതിൽ വാർണറുടെ സമ്പാദ്യം 15 റൺമാത്രം. ഇതിനിടെ വാർണർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷമിയുടെ പന്തിൽ തീർന്നു. ഖവാജ അനായാസം മുന്നേറി. പക്ഷേ, അപകടം സംഭവിച്ചത് അശ്വിന്റെ വരവോടെയായിരുന്നു. മാർണസ് ലബുഷെയ്നെയും (18) സ്റ്റീവൻ സ്മിത്തിനെയും (0) ഒരോവറിൽ മടക്കി അശ്വിൻ ഓസീസിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. ട്രാവിസ് ഹെഡിനെ (12) ഷമിയും മടക്കി. എന്നാൽ ഹാൻഡ്സ്കോമ്പ് ഖവാജയ്ക്ക് കൂട്ടായി എത്തിയതോടെ ഓസീസ് മുന്നേറി. 59 റൺ ഈ സഖ്യം കൂട്ടിച്ചേർത്തു. ഖവാജയെ തകർപ്പൻ ക്യാച്ചിലൂടെ മടക്കി ലോകേഷ് രാഹുലാണ് സഖ്യം പിരിച്ചത്. ജഡേജയെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം രാഹുലിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. അലെക്സ് കാരിയെ അശ്വിൻ പുറത്താക്കി.
ക്യാപ്റ്റൻ കമ്മിൻസ് ഹാൻഡ്സ്കോമ്പുമായി ചേർന്ന് ഓസീസ് സ്കോർ 200 കടത്തി. 33 റണ്ണെടുത്ത കമ്മിൻസിനെ ജഡേജ വിക്കറ്റിനുമുന്നിൽ കുരുക്കുകയായിരുന്നു. ഹാൻഡ്സ്കോമ്പിനെയും ജഡേജ പുറത്താക്കിയെങ്കിലും നോബോൾ ആകുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും (13) രാഹുലും (4) ആദ്യദിനത്തെ ഒമ്പതോവർ അതിജീവിച്ചു. 242 റൺ പിന്നിലാണ് ഇന്ത്യ.