തിരുവനന്തപുരം വിവാദത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ ജിഎസ്ടി കണക്കുകൾ ധൃതിപിടിച്ച് എത്തിച്ച സിഎജിയുടെ നിലപാടിൽ ദുരൂഹത. തിങ്കളാഴ്ച ലോക്സഭയിൽ, ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിനെതിരെ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് നാലുവർഷത്തെ ജിഎസ്ടി സ്റ്റേറ്റ്മെന്റ് സംസ്ഥാന ജിഎസ്ടി കമീഷണറേറ്റിൽ എജി എത്തിച്ചത്.
ജിഎസ്ടി കണക്കുകളിൽ എജിയുടെ സാക്ഷ്യപത്രം ഇല്ലാത്തതിനാലാണ് കുടിശ്ശിക അനുവദിക്കാത്തതെന്നായിരുന്നു ലോക്സഭയിൽ ധനമന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെ, വൈകിട്ടോടെ ആരും ആവശ്യപ്പെടാതെ എജിസ് ഓഫീസിലെ ഉന്നതനെത്തന്നെ ദൂതനായി ചുമതലപ്പെടുത്തി എജി സ്റ്റേറ്റ്മെന്റ് കൈമാറി. പ്രിൻസിപ്പൽ എജിക്കായി ഡെപ്യൂട്ടി എജി ഒപ്പിട്ട സ്റ്റേറ്റ്മെന്റിൽ 2017–-18 മുതൽ 2021–-22 വരെയുള്ള ജിഎസ്ടി കണക്കുകളാണുള്ളത്.
സംസ്ഥാനത്തിന്റെ റവന്യു വരവും ചെലവും സംബന്ധിച്ച കണക്കുകളുടെ സിഎജി പരിശോധന കൃത്യമാണ്. 2020–-21വരെ കണക്കുകൾ ഓഡിറ്റ് ചെയ്തതിന്റെ റിപ്പോർട്ട് നിയമസഭയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ എല്ലാ മേഖലയിലും സമഗ്ര പരിശോധനകൾ നടന്നിട്ടുള്ളതായും റിപ്പോർട്ടുകളിൽ വ്യക്തം. ഇവ കേന്ദ്ര സർക്കാരിന് ലഭ്യമാക്കേണ്ടത് സിഎജിയാണ്. സംസ്ഥാനത്തോട് സിഎജി സാക്ഷ്യപത്രം ലഭ്യമാക്കാൻ കേന്ദ്രം നിർദേശിച്ചിട്ടുമില്ല. ജിഎസ്ടി നിയമമനുസരിച്ച് നഷ്ടപരിഹാര കണക്കിന്റെ അവസാന തീർപ്പിനുമാത്രമാണ് സിഎജി സ്റ്റേറ്റ്മെന്റ് പരിശോധിക്കാവുന്നത്. ഇതിനാകട്ടെ നിർബന്ധ സ്വഭാവവുമില്ല.