ന്യൂഡൽഹി : ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചൊവ്വ പകൽ 11.20ന് തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടരുന്നു. ബുധൻവരെ നീളുമെന്ന് ഐടി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ഇവ പൂർണമായി സ്കാൻ ചെയ്തശേഷം ആറുമണിക്കൂർ കഴിഞ്ഞ് മടക്കിനൽകി. ജീവനക്കാരോട് ലോഗിൻ ചെയ്യാൻ ആവശ്യപ്പെട്ട ശേഷം ഡെസ്ക്ക്ടോപ്പും അരിച്ചുപെറുക്കി.
അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തെന്ന് പ്രതിപക്ഷ പാർടികൾ പ്രതികരിച്ചു. എന്നാല് ബിജെപിയും സംഘപരിവാറും കേന്ദ്രനീക്കത്തെ പിന്തുണച്ചു. ഡൽഹി കെജി മാർഗിലെയും മുംബൈ സാന്താക്രൂസ് കലീനയിലെയും ബിബിസി ഓഫീസുകളിലാണ് ഒരേ സമയം റെയ്ഡിനെത്തിയത്. രണ്ട് ഓഫീസും മുദ്രവച്ച ശേഷമായിരുന്നു എഴുപതംഗ സംഘത്തിന്റെ റെയ്ഡ്. റെയ്ഡല്ല സർവേ മാത്രമെന്ന് ഐടി വകുപ്പ് അവകാശപ്പെട്ടു.
ജീവനക്കാരെ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. ഫോണുകളെല്ലാം വിച്ഛേദിച്ചു. ജീവനക്കാരും ഐടി ഉദ്യോഗസ്ഥരുമായി തർക്കിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. ട്രാൻസ്ഫർ പ്രൈസിങ്ങിൽ (ഉൽപ്പന്നമോ സേവനമോ നിശ്ചിത വില നൽകി വാങ്ങൽ) ക്രമക്കേടുകൾ, ലാഭത്തിന്റെ വകമാറ്റൽ തുടങ്ങിയ ആരോപണങ്ങളാണ് ബിബിസിക്കെതിരെ ഐടി വകുപ്പ് ഉന്നയിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ബിബിസി പ്രതികരിച്ചു. ഗുജറാത്ത് വംശഹത്യകാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ മോദിയുടെ നിരുത്തരവാദ നടപടി വിശദമാക്കി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരിൽ രണ്ടുഭാഗമായുള്ള ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് കേന്ദ്രം വിലക്കി. ബിബിസിയെ വിലക്കണമെന്ന ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളി. പിന്നാലെയാണ് റെയ്ഡ്.
ആദായനികുതിവകുപ്പ് ഇടപെടൽ സംശയകരം: മുഖ്യമന്ത്രി
തിരുവനന്തപുരം : ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായനികുതിവകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായനികുതിവകുപ്പ് ബിബിസിക്കുനേരെ തിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കും.
മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക് കുറിപ്പിൽ പറഞ്ഞു.
ഏകാധിപത്യ
സ്വഭാവം വെളിപ്പെട്ടു: സിപിഐ എം
ന്യൂഡൽഹി : മാധ്യമവിമർശങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ ഭരണകൂടമെന്ന മോദി സർക്കാരിന്റെ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കുന്നതാണ് ബിബിസിക്കെതിരായ നടപടിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ പിബി അപലപിച്ചു.ആദായനികുതി വകുപ്പിനെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് ഇന്ത്യൻ മാധ്യമങ്ങളെ ഭീഷണിയിൽ നിർത്തുന്നത് മോദി സർക്കാരിന്റെ സ്ഥിരം തന്ത്രമാണ്. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമങ്ങളെയും ഭയപ്പെടുത്താൻ ഇവയെ ദുരുപയോഗിക്കുകയാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.