സാന്റിയാഗോ : അനുവാചകഹൃദയങ്ങളില് ചിരപ്രതിഷ്ഠനേടിയ വിഖ്യാത ചിലിയന് കവിയും കമ്യൂണിസ്റ്റ് നേതാവുമായ പാബ്ലോ നെരൂദയെ വിഷംകൊടുത്തു കൊന്നതാണെന്ന് സ്ഥിരീകരണം. വിടപറഞ്ഞ് അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് രാജ്യാന്തര ഫോറന്സിക് സംഘത്തിന്റെ റിപ്പോര്ട്ടിലെ വിവരം പുറത്തുവരുന്നത്.
നെരൂദയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി അനന്തരവൻ റോഡോൾഫോ റെയ്സ് അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചിലി, ക്യാനഡ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയിൽ ശരീരത്തിൽ അളവിലധികം ക്ലോറിസ്ട്രിഡിയം ബോട്ടുലിനത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റെയ്സ് വെളിപ്പെടുത്തിയത്. ഔദ്യോഗിക റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിക്കും.
കമ്യൂണിസ്റ്റ് പ്രസിഡന്റ് സാൽവദോര് അലൻഡെയെ പട്ടാള അട്ടിറമിയിലൂടെ പുറത്താക്കി അഗസ്റ്റോ പിനോച്ചെ ചിലിയന്ഭരണം പിടിച്ചടക്കി 12 ദിവസത്തിനുശേഷം 1973 സെപ്തംബർ 23-നാണ് നെരൂദ (69) മരിച്ചത്. എന്നാൽ കൊലപാതകമാണെന്ന് അന്നേ സംശയം ഉയർന്നു. പിനോച്ചെയ്ക്കെതിരായ ആദ്യ ജനകീയ പ്രതിഷേധമുയര്ന്നത് നെരുദയുടെ മരണത്തെ തുടര്ന്നായിരുന്നു.
ക്ലിനിക്കില്വച്ച് നെരൂദയ്ക്ക് സംശയാസ്പദമായി കുത്തിവയ്പ് നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ ഡ്രൈവറും അംഗരക്ഷകനുമായ മാനുവല് അരയ വെളിപ്പെടുത്തി. തുടർന്ന് ചിലി കമ്യൂണിസ്റ്റ് പാര്ടി മരണം സംബന്ധിച്ച് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട പ്രകാരം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു. 2015ൽ നെരൂദയുടെ മരണം സ്വഭാവികമല്ലെന്ന് ചിലി സർക്കാർ വെളിപ്പെടുത്തി. മരണകാരണം അർബുദമല്ലെന്ന് 2017ൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും വിലയിരുത്തി.