ന്യൂഡൽഹി> അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന സിംഗപ്പുർ കമ്പനിക്കെതിരായി അഗസ്തവെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നതായി റിപ്പോർട്ട്. സിംഗപ്പുരിലെ ഗുദാമി ഇന്റർനാഷണൽ എന്ന കമ്പനിയുടെ പേര് അഗസ്ത കേസിൽ ഇഡി സമർപ്പിച്ച ആദ്യ രണ്ട് കുറ്റപത്രത്തിലും ഉൾപ്പെട്ടിരുന്നു. എന്നാൽ 2018ൽ മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചപ്പോൾ ഈ കമ്പനിയുടെ പേര് ഒഴിവാക്കപ്പെട്ടു.
അദാനി ബന്ധമാണ് ഇഡി അന്വേഷണ റഡാറിൽനിന്ന് ഗുദാമി ഇന്റർനാഷണൽ ഒഴിവാക്കപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. അഗസ്ത കേസിലെ ഇടനിലക്കാർക്ക് 20 ലക്ഷം യൂറോയോളം കോഴപ്പണം ഒഴുകിയത് ഗുദാമി അടക്കമുള്ള കമ്പനികൾ വഴിയെന്നാണ് ഇഡി തുടക്കത്തിൽ കണ്ടെത്തിയിരുന്നത്. പിന്നീട് കമ്പനിയുടെ വിശദാംശങ്ങൾ തേടി സിംഗപ്പുരിലേക്ക് ‘ലെറ്റർ റൊഗേറ്ററി’ അയച്ചു. ലെറ്റർ റൊഗേറ്ററിക്ക് സിംഗപ്പുരിൽനിന്ന് ലഭിച്ച മറുപടിക്ക് പിന്നാലെയാണ് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത്.
ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് അദാനിയുടെ ‘അദാനി ഗ്ലോബൽ’ എന്ന കമ്പനിയുടെ ഡയറക്ടർമാരിലൊരാൾ ചാങ് ചുങ് ലിങ്ങാണ്. മാത്രമല്ല വിനോദ് അദാനിയുടെയും ചാങ് ചുങ് ലിങ്ങിന്റെയും സിംഗപ്പുരിലെ വിലാസവും ഒന്നുതന്നെ. വിനോദ് അദാനിയുടെ ചില കമ്പനികൾ വഴിയാണ് കള്ളപണം അദാനി ഗ്രൂപ്പുകളിലേക്ക് എത്തിയിരുന്നതെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ട്. അഞ്ചുവർഷംകൊണ്ട് വിനോദ് അദാനിയുടെ ആസ്തി 850 ശതമാനമാണ് വർധിച്ചത്. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിൽ ആറാമനും ഏറ്റവും സമ്പന്നനായ പ്രവാസി ഇന്ത്യക്കാരനും വിനോദ് അദാനിയാണ്.















