കൊച്ചി> ദക്ഷിണേന്ത്യയിലെ പ്രഥമ റിവർ സ്വിമ്മത്തോൺ ആലുവ പെരിയാറിൽ നടന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 232 പേർ പങ്കെടുത്തു. ഓട്ടിസം ബാധിച്ച 33 കുട്ടികൾ ചെന്നൈയിൽനിന്ന് മത്സരിക്കാൻ എത്തി. നാഗർകോവിലിൽനിന്നുള്ള ആറുവയസ്സുകാരൻ നിശ്വിക് മുതൽ കൊച്ചിയിലെ അറുപത്തിരണ്ടുകാരൻ ബോബൻ ജോർജ് നീലാങ്കൽവരെ മത്സരിക്കാനുണ്ടായിരുന്നു.
നീന്തൽ മികച്ച കായിക ഇനമാക്കി വളർത്തുന്നതിനൊപ്പം യുവജനങ്ങളെ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആലുവ മണപ്പുറത്തിനുസമീപം നടന്ന മത്സരങ്ങൾ അൻവർ സാദത്ത് എംഎൽഎ, എം ഒ ജോൺ, പി എം സഹീർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ മത്സരങ്ങളിലെ വിജയികൾ: റിവർ നിക്സി: ആർ എസ് റാവുൽ (നേവൽബേസ് കൊച്ചി), റിവൈസ് സ്ട്രൈഡർ: പുരുഷന്മാർ–- പി മോനേഷ് (കോയമ്പത്തൂർ), വനിതകൾ: ദീക്ഷിത അംബവാത (നേവൽബേസ്), റിവർ സ്കിപ്പർ: പുരുഷന്മാർ–- പ്രണിത് ശരവണ പ്രകാശ് (പൊള്ളാച്ചി), വനിതകൾ: എ എസ് ആർഷ (കണ്ണൂർ), റിവർ സ്കേറ്റർ: പുരുഷന്മാർ–- ആൽഫ്രിൻ സോളമൻ പീറ്റർ (തിരുനെൽവേലി), വനിതകൾ: മഹിലാനി (നാഗർകോവിൽ), റിവർ ഹോഴ്സ്: പുരുഷന്മാർ–- എം നിതേഷ് (തിരുനെൽവേലി), വനിതകൾ: സി ആർ റിയ (കോയമ്പത്തൂർ).