മുംബൈ> ബോംബെ ഐഐടിയിൽ ദളിത് വിദ്യാർഥി ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. ഒന്നാംവർഷ ബിടെക് വിദ്യാർഥിയായ ദർശൻ സോളങ്കി (18)യാണ് മരിച്ചത്. ഞായർ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ക്യാമ്പസിൽ സോളങ്കിക്കുനേരെയുണ്ടായ ജാതിവിവേചനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവിധ വിദ്യാർഥി സംഘടനകൾ ആരോപിച്ചു.
ദർശൻ സോളങ്കി അഹമ്മദാബാദ് സ്വദേശിയാണ്. മൂന്നുമാസംമുമ്പാണ് ഐഐടിയിൽ ചേർന്നത്. ശനിയാഴ്ച ആദ്യ സെമസ്റ്റർ പരീക്ഷ പൂർത്തിയായിരുന്നു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ക്യാമ്പസിൽ ദളിത് ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുനേരെ ജാതിവിവേചനം പതിവാണെന്നും ദർശന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും ചൂണ്ടിക്കാട്ടി ഇടത് പുരോഗമന വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രക്ഷോഭമാരംഭിച്ചു. വിദ്യാര്ഥികളില്നിന്നും അധ്യാപകരില്നിന്നും ദളിത് വിദ്യാര്ഥികള് കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും സംവരണം ഉന്നയിച്ച് മാനസിക പീഡനം പതിവാണെന്നും വിദ്യാർഥികൾ പറഞ്ഞു.















