തിരുവനന്തപുരം> സംസ്ഥാനത്തെ റോഡുകളുടെ നിർമാണ കരാർ കാലാവധി കഴിഞ്ഞും തകരാർ പരിഹരിക്കാൻ മുൻകൂർ കരാർ ഉറപ്പാക്കി സംസ്ഥാന സർക്കാർ. പൊതുമരാമത്തുവകുപ്പിനു കീഴിലെ 29,553 കിലോമീറ്റർ റോഡിൽ 20,018 കിലോമീറ്ററും റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയതായി പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
റോഡുകളുടെ പരിപാലനം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് റണ്ണിങ് കോൺട്രാക്ട്. കരാറുകാരന്റെ ബാധ്യതാ കാലയളവ് (ഡിഫക്ട് ലയബിലിറ്റി ) കഴിഞ്ഞ റോഡുകൾക്ക് ഒരു വർഷത്തേക്ക് കേടുപാടുകൾ പരിഹരിക്കുന്നതിന് മുൻകൂർ കരാർ നൽകുന്നതാണ് പദ്ധതി. റണ്ണിങ് കോൺട്രാക്ട് രണ്ടാംഘട്ടം പ്രകാരം 7685 കിലോമീറ്റർ റോഡുകൾക്കുകൂടി ബുധനാഴ്ച സാങ്കേതിക അനുമതി ലഭിച്ചു.
183 കോടി രൂപയാണ് ആകെ ചെലവ്. ആദ്യ ഘട്ടത്തിൽ കരാർ നൽകിയ 3123 കിലോമീറ്റർ റോഡിന്റെ കാലാവധി -മേയിലും രണ്ടാംഘട്ടത്തിന്റെ ആദ്യഭാഗത്തിൽ വരുന്ന 9210 കിലോമീറ്റർ റോഡിന്റെ കാലാവധി സെപ്തംബറിലും പൂർത്തിയാകും.
രണ്ടാംഘട്ടത്തിന്റെ അടുത്ത ഭാഗമായാണ് 7685 കിലോമീറ്റർ റോഡുകൾക്ക് സാങ്കേതികാനുമതി ലഭിച്ചത്. നടപടി പൂർത്തിയാക്കി ഒരുമാസത്തിനുള്ളിൽ ഇവ കരാറുകാർക്ക് കൈമാറും. ബാധ്യതാ കാലയളവിൽ ഉൾപ്പെടുന്ന 3825 കിലോമീറ്റർ കൂടി ചേർത്ത് സംസ്ഥാനത്ത് ആകെ 23,843 കിലോമീറ്റർ റോഡിൽ ഇതോടെ കൃത്യമായ അറ്റകുറ്റപ്പണിയും നിരീക്ഷണവും ഉറപ്പാക്കിയതായി മന്ത്രി പറഞ്ഞു.
വിലയിരുത്താൻ പ്രത്യേക സംഘം
റോഡുകളിലെ കേടുപാടുകൾ കരാറുകാരുടെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.
.jpg)















