ന്യൂഡൽഹി> കേന്ദ്രസര്ക്കാരിന്റെ പൊടികൈകളൊന്നും ഫലംകണ്ടില്ല; റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അപകടരേഖയും കടന്ന് രാജ്യത്ത് വിലക്കയറ്റം കുതിച്ചുകയറി. ജനുവരിയിൽ വിലക്കയറ്റ തോത് മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. പണപ്പെരുപ്പം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ കൂട്ടിയിട്ടും വിലക്കയറ്റം കുതിക്കുന്നത് സാധാരണക്കാർക്ക് വന് ആഘാതമായി. ധാന്യങ്ങളുടെയും പാൽഉൽപന്നങ്ങളുടെയും വില കുതിച്ചുയർന്നതാണ് തിരിച്ചടിയായത്.
വിലക്കയറ്റം ആറുശതമാനത്തില് താഴെ പിടിച്ചുനിര്ത്തണമെന്നാണ് ആര്ബിഐ നിലപാട്. ഗ്രാമീണമേഖലയിലാണ് വിലക്കയറ്റം കൂടുതൽ രൂക്ഷം. ഗ്രാമങ്ങളിൽ ഡിസംബറിൽ 6.05 ശതമാനമായിരുന്ന വിലക്കയറ്റം ജനുവരിയിൽ 6.85 ശതമാനമായി. നഗരങ്ങളിലെ വിലക്കയറ്റം ഡിസംബറിൽ 5.4ശതമാനമായിരുന്നത് ആറ് ശതമാനമായി. പച്ചക്കറികൾ ഒഴികെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് വിലകൂടി. ഡിസംബറിൽ 4.2 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ജനുവരിയിൽ 5.94 ശതമാനത്തിലെത്തി. ധാന്യങ്ങളുടെ വില 13.1ൽ നിന്ന് 16.1 ശതമാനമായും പാൽവില 8.5ൽ നിന്ന് 8.8 ആയും സുഗന്ധവ്യഞ്ജനങ്ങളുടെ വില 20.3ൽ നിന്ന് 21.1 ആയും മുട്ടവില 6.9ൽ നിന്ന് 8.8 ആയും മത്സ്യം– മാംസം വില 5.1ൽ നിന്ന് 6.04 ശതമാനമായും വർധിച്ചു.
പഴങ്ങൾ, പഞ്ചസാര, പയറുവർഗങ്ങൾ എന്നിവയ്ക്കും വിലകൂടി. 2022 ജനുവരിയിൽ 6.04 ശതമാനമായിരുന്നു വിലക്കയറ്റം. തുടർന്നുള്ള 10 മാസം വിലക്കയറ്റ തോത് ആറ് ശതമാനത്തിനു മുകളിലായിരുന്നു. ഈ ഘട്ടത്തിൽ ആർബിഐ തുടർച്ചയായി റിപ്പോ നിരക്കുകൾ കൂട്ടിയിട്ടും പ്രയോജനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനുവരിയിലെ പണപ്പെരുപ്പ തോത്.
വിലക്കയറ്റം രൂക്ഷമായ സംസ്ഥാനം തെലങ്കാനയാണ്– 8.6 ശതമാനം. ആന്ധ്ര– 8.25, മധ്യപ്രദേശ്– 8.13, യുപി– 7.45, ഹരിയാന– 7.05 ശതമാനം എന്നീ സംസ്ഥാനങ്ങളിലും വിലക്കയറ്റം രൂക്ഷമാണ്. കേരളത്തിൽ വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ കുറവാണ്– 6.45 ശതമാനം.