ന്യൂഡൽഹി> അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യം കൂപ്പുകുത്തിയ സാഹചര്യത്തിൽ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതി നിർദേശം ഗത്യന്തരമില്ലാതെ അംഗീകരിച്ച് കേന്ദ്ര സർക്കാർ. പാര്ലമെന്റില് പ്രതിപക്ഷം വന് പ്രതിഷേധമുയര്ത്തിയിട്ടും കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കാന് തയാറായിരുന്നില്ല.
ഭാവിയിൽ നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടാകാതിരിക്കാനുള്ള നടപടിയായാണ് സുപ്രീംകോടതി നിർദേശം മുന്നോട്ടുവച്ചത്. കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഓഹരിവിപണി നിയന്ത്രണത്തിനുള്ള വിദഗ്ധസമിതി രൂപീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഇത്തരം സാഹചര്യം നേരിടാൻ സെബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൂർണസജ്ജരാണെന്നും എന്നാൽ, വിദഗ്ധസമിതി രൂപീകരിക്കുന്നതിൽ എതിർപ്പില്ലെന്നുമാണ് അറിയിച്ചത്. അതേസമയം, സെബിയുടെ മേൽനോട്ടസമിതി രൂപീകരിക്കുന്നെന്ന വാർത്ത വിദേശ, ആഭ്യന്തര നിക്ഷേപങ്ങളെ ബാധിച്ചേക്കുമോ എന്ന ആശങ്കയുണ്ട്. സമിതി അംഗങ്ങളെയും പരിഗണനാവിഷയങ്ങളും ശുപാർശ ചെയ്യാൻ സർക്കാരിനെ അനുവദിക്കണം. ശുപാർശകൾ മുദ്രവച്ച കവറിൽ കൈമാറാമെന്നും തുറന്നകോടതിയിലെ ഇത്തരം ചർച്ചകൾ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയ്ക്കുള്ളിൽ ശുപാർശ കൈമാറാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനിയുടെ വിപണിമൂല്യത്തിൽ 8,20,000 കോടിരൂപയുടെ നഷ്ടം രേഖപ്പെടുത്തി.