ദുബായ് > ഇന്ത്യയിലെ ഗുജറാത്തിലെ ദീൻദയാൽ തുറമുഖത്ത് കണ്ടെയ്നർ ടെർമിനൽ വികസനത്തിനുള്ള ടെൻഡർ ഡിപി വേൾഡിന് ലഭിച്ചു. പുതിയ കണ്ടെയ്നർ ടെർമിനലിന് 1,100 മീറ്റർ ബെർത്തും, 2.19 ദശലക്ഷം ഇരുപത് ഉപകരണ യൂണിറ്റുകളുടെ (ടിഇയു) ശേഷിയുമുണ്ടായിരിക്കുമെന്നും കൂടാതെ 18,000 ടിഇയു-യിൽ കൂടുതൽ വാഹക കപ്പലുകൾ കൈകാര്യം ചെയ്യാനും കഴിയുമെന്നാണ് കരുതുന്നത്.
ദീൻദയാൽ തുറമുഖ അതോറിറ്റി നൽകിയ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) കരാർ പ്രകാരം പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് (പിപിപി) ടെർമിനൽ നിർമ്മാണം. ഗുജറാത്തിലെ ട്യൂണ ടെക്ര മെഗാ കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കുന്നതോടെ വടക്ക്, പടിഞ്ഞാറ്, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 63 ഹെക്ടർ വിസ്തൃതിയിൽ നിർമ്മാണത്തിലിരിക്കുന്ന ടെർമിനൽ അത്യാധുനിക സൗകര്യ ഉപകരണ സജ്ജീകരണത്തോടെ റോഡുകൾ, ഹൈവേകൾ, റെയിൽവേകൾ, സമർപ്പിത ചരക്ക് ഇടനാഴികൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന രീതിയിലാവും നിർമ്മാണം.
മുംബൈയിൽ രണ്ടും, മുന്ദ്ര, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമായി ഡിപി വേൾഡിന്റെതായി അഞ്ച് മറൈൻ ടെർമിനലുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ മറ്റു പല പദ്ധതികളും ഡി പി വേൾഡിന്റെതായി ഇന്ത്യയിൽ ഉണ്ട്.