റാസൽ ഖൈമ> ‘പ്രകൃതി’ പ്രമേയമാക്കി 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള സർഗ്ഗാത്മക സൃഷ്ടികളുടെ ശ്രദ്ധേയമായ ഔട്ട്ഡോർ പ്രദർശനങ്ങളോടെ റാസൽ ഖൈമ ഫൈൻ ആർട്സ് മേള തുടരുന്നു. അൽ ജസീറ അൽ ഹംറ ഹെറിറ്റേജ് വില്ലേജിന്റെ പശ്ചാത്തലത്തിലാണ് മേള. മേളയിൽ പങ്കെടുക്കുന്ന എല്ലാ എംബസികൾക്കും, യു.എ.ഇ.യിലുടനീളമുള്ള അവരുടെ പ്രയത്നങ്ങൾക്കും പ്രാദേശിക, സന്ദർശകരായ കലാകാരന്മാരുടെ പങ്കാളിത്തത്തിനും അഭിനന്ദനം പ്രകടിപ്പിക്കുന്നതിനായി, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ ഭാര്യ ശൈഖ ഹന ബിൻത് ജുമാ അൽ മജീദ് പറഞ്ഞു. ഐതിഹാസിക സാംസ്കാരിക പരിപാടിയിൽ തന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള സ്വർണ്ണം, വജ്രം, മുത്ത് ആഭരണങ്ങൾ, പരമ്പരാഗതമായ കൈകൊണ്ട് വരച്ച വസ്ത്രം, പുരാതന തടികൊണ്ടുള്ള ഉൽപ്പനങ്ങൾ എന്നിവ പ്രദർശനത്തിനായി വെച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
മേളയിൽ പ്രാദേശിക കലാകാരന്മാരായ എമിറാറ്റിസ് ഹെൻഡ് റഷീദ്, റീം അൽ ഷംസി, ബഹ്റൈൻ ആർട്ടിസ്റ്റ് ഹനാദി അൽ ഗാനിം എന്നിവരും പങ്കെടുക്കും. യുണൈറ്റഡ് സ്റ്റേറ്റ്സ്, കൊറിയ, ഫ്രാൻസ്, നെതർലാൻഡ്സ്, ക്രൊയേഷ്യ എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ പ്രദർശനങ്ങളും പതിനേഴു സ്കൂൾ വിദ്യാർത്ഥികളുടെ കലാസൃഷ്ടികളും മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും. യുഎസ് ഹോണററി ഗസ്റ്റ് ആർട്ടിസ്റ്റും ക്യൂറേറ്ററുമായ ഹന്ന ഹില്ലെബ്രാൻഡ് ഉൾപ്പെടെ നിരവധി കലാകാരന്മാരുടെ പ്രത്യേക പ്രദർശനങ്ങൾ മേളയിൽ അവതരിപ്പിക്കും. എട്ട് കലാകാരന്മാരുടെ സർഗ്ഗാത്മക സൃഷ്ടികൾ ദുബായിലെ കൊറിയൻ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച്, കൊറിയൻ-യുഎഇ ആർട്സ് ആൻഡ് കണ്ടന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ക്യൂറേറ്റർ മ്യുങ്ഹൈ റൈ, പ്രദർശിപ്പിക്കും.
2014 മുതൽ യുഎഇയിൽ താമസിക്കുന്ന ഫ്രഞ്ച് ക്യൂറേറ്ററും ഫോട്ടോഗ്രാഫറുമായ മത്തിൽഡെ മാഗ്നിയർ-റിബേറ്റ് പരമ്പരാഗത എമിറാത്തി ലാൻഡ്സ്കേപ്പുകളിലും ആവാസവ്യവസ്ഥകളിലും രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പരിവർത്തനത്തിന്റെ സ്വാധീനവും ആളുകൾ തമ്മിലുള്ള ബന്ധത്തെയും അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെയും മാറ്റങ്ങൾ എത്രത്തോളം ബാധിച്ചുവെന്നുമാണ് മേളയിൽ പ്രദർശിപ്പിക്കുന്ന തന്റെ ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്തുന്നത്. വാരാന്ത്യങ്ങളിൽ മേളയിൽ കുടുംബ സൗഹൃദ സാംസ്കാരിക അനുഭവങ്ങളും രസകരമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. മേളയുടെ ഭാഗമായി നടക്കുന്ന ആവേശകരമായ കലാ-കരകൗശല ശിൽപശാലകൾക്കായി രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുമായി സൈൻ അപ്പ് ചെയ്യാം. ഫെബ്രുവരി 3 മുതൽ 28 വരെയാണ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ.