കയേർപുർ (ത്രിപുര)
ഇരട്ട എൻജിൻ വികസനം വാഗ്ദാനംചെയ്ത ബിജെപിയുടെ ഭരണം ത്രിപുരയിൽ ഇരട്ട ശോഷണമാണ് ഉണ്ടാക്കിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വക ശോഷണം. ഇതിനുപുറമെയാണ് ജനാധിപത്യവും നിയമവാഴ്ചയും ഇല്ലാതാക്കിയതെന്നും കയേർപുരിൽ വിശാല മതനിരപേക്ഷസഖ്യം സ്ഥാനാർഥി പവിത്ര ഖറിന്റെ പ്രചാരണയോഗത്തിൽ അദ്ദേഹം പറഞ്ഞു.
അസാധാരണ സ്ഥിതിവിശേഷമാണ് ത്രിപുരയിൽ. 2018ൽ ബിജെപി ജയിച്ചശേഷം നിയമസംവിധാനം ഇല്ലാതായി. ത്രിപുരയെ കൂടുതൽ ആപത്തിൽനിന്ന് രക്ഷിക്കനാണ് ഇടതുമുന്നണി കോൺഗ്രസുമായി സീറ്റ് ധാരണയിൽ എത്തിയതെന്നും കാരാട്ട് പറഞ്ഞു. ബിജെപി ത്രിപുരയെ ഭീകരവാഴ്ചയുടെ മണ്ണാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം രമാ ദാസ്, എഐസിസി സെക്രട്ടറി ഡോ. അജോയ്കുമാർ, പവിത്ര കർ എന്നിവരും സംസാരിച്ചു.