അങ്കാറ
തുര്ക്കിയിലും സിറിയയിലും നാശംവിതച്ച ഭൂകമ്പം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ മുപ്പത്തിമൂവായിരത്തിലേക്ക്. ഭൂകമ്പത്തില് മരണം 50,000 കടന്നേക്കുമെന്ന് യുഎന് ദുരിതാശ്വാസവിഭാഗം മേധാവി മാര്ട്ടിന് ഗ്രിഫിത്സ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് ഇനിയും പതിനായിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ദിവസവും രക്ഷാപ്രവര്ത്തകര് കൂടുതല് മൃതദേഹം കണ്ടെടുക്കുന്നുണ്ട്. ദുരന്തം നടന്നിട്ട് ഒരാഴ്ച ആയതോടെ ഇനിയും കൂടുതൽപേരെ ജീവനോടെ രക്ഷിക്കുക ദുഷ്കരമാണ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അത്ഭുതകരമായി ചിലരെ രക്ഷിക്കാനുമായി.
തുർക്കിയിൽമാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യുഎൻ റിപ്പോർട്ട്. തുർക്കിയിലും സിറിയയിലുമായി അടിയന്തരമായി 8.70 ലക്ഷം പേർക്ക് ഭക്ഷണം ആവശ്യമാണ്. സിറിയയിൽമാത്രം 53 ലക്ഷം പേർ ഭവനരഹിതരുമായി. ഭൂകമ്പത്തില് കാണാതായ ഇന്ത്യന് പൗരന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. മൃതദേഹം ഉടന് നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. തുര്ക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില് 10 ഇന്ത്യക്കാര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവര് സുരക്ഷിതരാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി. ദുരിതബാധിതമേഖലയില് മോഷണം നടത്താന് ശ്രമിച്ച 98 പേരെ തുര്ക്കി പൊലീസ് പിടികൂടി. ഇവരില്നിന്ന് തോക്കുകള് ഉള്പ്പെടെ കണ്ടെടുത്തു. നിയമലംഘനം നടത്തുന്നവര്ക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തുര്ക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ വ്യക്തമാക്കി.
സിറിയയില് പരാജയപ്പെട്ടെന്ന്
യുഎന്
സിറിയയിലെ വിമതമേഖലയിലെ ദുരന്തമേഖലയില് സഹായം എത്തിക്കുന്നതില് യുഎൻ പരാജയപ്പെട്ടതായി ഐക്യരാഷ്ട്രസംഘടനയുടെ ഉന്നത മാനുഷിക ദുരിതാശ്വാസ ഉദ്യോഗസ്ഥൻ മാർട്ടിൻ ഗ്രിഫിത്ത്സ്.“വടക്കുപടിഞ്ഞാറൻ സിറിയ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും വരാത്ത അന്താരാഷ്ട്ര സഹായത്തിനായി അവര് കാത്തിരിക്കുന്നു” ഗ്രിഫിത്ത്സ് ട്വിറ്ററില് കുറിച്ചു. ഇഡ് ലിബ് പ്രവിശ്യയിലെ ജൻദാരിസില് ദുരിതബാധിതരുടെ കുടുംബങ്ങൾ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ യുഎൻ പതാക തലകീഴായി ഉയർത്തി. യുഎന് സഹായം വൈകുന്നതില് പ്രതിഷേധിച്ചാണ് നടപടി.
ഒരുക്കി കൂട്ടക്കുഴിമാടങ്ങള്
തുര്ക്കിയില് മൃതദേഹങ്ങള് അടക്കം ചെയ്യാന് കൂട്ടക്കുഴിമാടങ്ങള് ഒരുങ്ങി.ഹതായ് പ്രവിശ്യയിലെ പരുത്തിപ്പാടം പൂര്ണമായി ‘ഭൂകമ്പ ശ്മശാനമായി’ മാറി. മൃതദേഹങ്ങള് ഇവിടെ എത്തിച്ച് അടയാളങ്ങള് രേഖപ്പെടുത്തി അടക്കം ചെയ്യുന്നു
കഠിന വേദന
‘അതികഠിനമാണ് ഈ വേദന’. ജീവിതത്തെ അടിമുടി കീഴ്മേല് മറിച്ച ഭൂകമ്പത്തിന് ആറുദിനം പിന്നിടുമ്പോള് തുര്ക്കിയിലെ ഹതായിയിലെ ഇസ്കെൻഡറുണിലെ സ്കൂളിന്റെ പൂന്തോട്ടത്തിലെ കസേരയില് ഇരുന്ന് തകര്ന്നുവീഴാറായ സ്വന്തം വീട് നോക്കിയിരിക്കെ അറുപത്തൊന്നുകാരി പറഞ്ഞു.”എന്റെ പോക്കറ്റിൽ 15 ലിയർ മാത്രമേയുള്ളൂ, ഇനി ഒന്നും നഷ്ടപ്പെടാനില്ല, അതിനാൽ ഒന്നിനെയും ഭയപ്പെടാനില്ല. ഞങ്ങള് താമസിച്ച പാര്പ്പിട സമുച്ചയത്തില്നിന്ന് 14 പേരെ രക്ഷിച്ചു. എന്നാല്, നൂറിലധികം പേര് ഇപ്പോഴും മണ്ണിനടിയിലാണ്’ അവര് പറഞ്ഞു.
നിർത്താതെ
ഏറ്റുമുട്ടൽ
ഇതിനിടെ ഭൂകമ്പബാധിതമായ ഹതായ് മേഖലയില് വിവിധ ഗ്രൂപ്പുകള് തമ്മില് ഏറ്റുമുട്ടിയത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. സുരക്ഷാ ഭീഷണിയുള്ളതിനാല് രക്ഷാപ്രവര്ത്തനം തുടരാനാകില്ലെന്ന് വ്യക്തമാക്കി ജര്മന്, ഓസ്ട്രിയന് സംഘം താല്ക്കാലികമായി ഭൂകമ്പബാധിത മേഖലയിലെ തിരച്ചില് നിര്ത്തിവച്ചു. വിവിധ രാജ്യങ്ങളില്നിന്ന് എത്തിയ ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥര്ക്ക് സംരക്ഷണം ഒരുക്കുമെന്ന് തുര്ക്കി സൈന്യം ഉറപ്പുനല്കിയിട്ടുണ്ട്.
പലായനം
തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽനിന്ന് ആയിരങ്ങള് പലായനം ചെയ്യുന്നു. ഇവര്ക്കായ് സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്ത് വിമാനകമ്പനികള്. ടർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും ഞായറാഴ്ച ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് ഇസ്താംബുൾ, അങ്കാറ, അന്റാലിയ എന്നിവിടങ്ങളിലേക്ക് അടക്കം സൗജന്യ യാത്ര പ്രഖ്യാപിച്ചു. സുരക്ഷിത മേഖലയില് വിവിധ കോളേജ്, യൂണിവേഴ്സിറ്റി ഹോസ്റ്റലുകളും ടൂറിസ്റ്റ് റിസോർട്ടുകളും ഹോട്ടലുകളും ദുരിതബാധിതര്ക്ക് താമസസൗകര്യമൊരുക്കുന്നു. ഗാസിയാന്റെപ്, ഹതായ്, നൂർദാഗി, മരാഷ് എന്നിവിടങ്ങളിൽനിന്ന് ആയിരങ്ങള് ദുരിതമേഖല ഒഴിഞ്ഞു.