രാംനഗർ (അഗർത്തല)
നിയമസഭാ തെരഞ്ഞെടുപ്പില് പുരുഷോത്തം റോയി ബർമന്റെ പോരാട്ടം ത്രിപുരയില് ജനാധിപത്യം വീണ്ടെടുക്കാനാകുമെന്ന് ജനതയില് ആത്മവിശ്വാസമുയര്ത്താന്കൂടിയാണ്. മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പുരുഷോത്തം റോയി രാംനഗർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്. ഇടതുമുന്നണിയും കോൺഗ്രസും പിന്തുണയ്ക്കുന്നു. അഞ്ച് വർഷമായ് ബിജെപിയുടെയും സംസ്ഥാനസർക്കാരിന്റെയും ജനാധിപത്യ ധ്വംസനത്തിനെതിരെ പുരുഷോത്തം റോയിയും ത്രിപുര മനുഷ്യാവകാശ സംഘടന (ടിഎച്ച്ആർഒ)യും നടത്തിയ പോരാട്ടമാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന്റെ കാതൽ. 2018ൽ ബിജെപി അധികാരമേറ്റ മാർച്ച് 13നാണ് ബെലോനിയയിൽ ലെനിന് പ്രതിമ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. അതിനെതിരായി ആദ്യം രംഗത്തുവന്നത് പുരുഷോത്തം റോയിയാണ്. സിപിഐ എം ത്രിപുര ഘടകത്തിന്റെ മുഖപത്രമായ ‘ദശേർ കഥ’യുടെ ലൈസൻസ് റദ്ദാക്കിയ ഘട്ടത്തിൽ നിയമപോരാട്ടത്തിന് സഹായം നൽകി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പോളിങ് ബൂത്തിൽ എത്തുന്നത് ബിജെപി വ്യാപകമായി തടഞ്ഞു. അഗർത്തല ആറാം നമ്പർ മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തടയുകയും അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരായ നിയമപോരാട്ടത്തിനും പിന്തുണ നൽകിയത് പുരുഷോത്തം റോയിയാണ്. ത്രിപുരയിൽ മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പുകൾ ഉത്സവംപോലെയായിരുന്നെന്ന് പുരുഷോത്തം റോയി ‘ദേശാഭിമാനി’യോട് പറഞ്ഞു. 1988–-93 കാലം മാത്രമായിരുന്നു അപവാദം. ഇപ്പോഴാകട്ടെ സംസ്ഥാനത്ത് ഭീകരതയാണ്. ജനങ്ങൾക്ക് നിർഭയം വോട്ട് ചെയ്യാനാകണം. തന്റെ സ്ഥാനാർഥിത്വം ഇക്കാര്യത്തിൽ ജനങ്ങൾക്ക് പ്രചോദനമാകുമെന്ന് കരുതി. ഇടതുമുന്നണിയും കോൺഗ്രസും പിന്തുണച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയാൻ തിപ്ര മോതയും സ്ഥാനാർഥിയെ നിർത്തിയില്ല. സാഹചര്യത്തിന്റെ സൃഷ്ടിയാണ് ത്രിപുരയിലെ ബിജെപി വിരുദ്ധ കൂട്ടായ്മ. ബിജെപിയെ പുറത്താക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. സിറ്റിങ് എംഎൽഎ സുർജിത് ദത്തയാണ് ഇവിടെ ബിജെപി സ്ഥാനാർഥി.