അഗർത്തല
ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ വിന്യസിക്കുന്നത് ഒഴിവാക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസേനാംഗങ്ങളെ ലഭ്യമാകാത്ത സാഹചര്യത്തിൽ പൊലീസിനെ നിയോഗിക്കുന്നത് മനസ്സിലാക്കാം. ഇപ്പോൾ മൂന്ന് സംസ്ഥാനത്ത് മാത്രമാണ് തെരഞ്ഞെടുപ്പ്. എന്നിട്ടും സംസ്ഥാന പൊലീസിനെ ത്രിപുരയിൽ ബോധപൂർവം കൊണ്ടുവരികയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ത്രിപുരയിൽ ഭരണമാറ്റത്തിനുള്ള അന്തരീക്ഷമാണ്.
ബിജെപിയുടെ ദുർഭരണവും അക്രമവും ജനം മടുത്തു. സംസ്ഥാനത്ത് എവിടെയും ഇത് പ്രകടമാണ്. ഇതിൽ വേവലാതി പൂണ്ടാണ് ബിജെപി പണവും അധികാരവും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഭരണഘടനപ്രകാരം സ്വതന്ത്രവും നീതിയുക്തവുമായ നിലയിൽ വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകണം. സുരക്ഷ പോളിങ് ബൂത്തിൽമാത്രം പോരാ. കേന്ദ്രസേന വിവിധ ഭാഗങ്ങളിൽ മാർച്ച് നടത്തണം. ജനങ്ങൾക്ക് ബൂത്തിലെത്താൻ ധൈര്യം പകരണം.
ത്രിപുരയിൽ ജനാധിപത്യത്തിന്റെ വിജയം ഉറപ്പാക്കാൻ ബിജെപിയെ എതിർക്കുന്നവർ തമ്മിൽ മണ്ഡലം അടിസ്ഥാനത്തിൽ ധാരണ ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിവിരുദ്ധ വോട്ട് ഭിന്നിക്കുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക പാർടിയായ ടിപ്ര മോത്തയും പരസ്യമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കണം. ജനാധിപത്യമാണ് ജയിക്കേണ്ടത്. സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.