കൊച്ചി
സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024നകം നാക് അക്രഡിറ്റേഷൻ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ 2024’ എന്നപേരിൽ പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. എക്സലൻഷ്യ 23 പുരസ്കാരസമർപ്പണവും സിമ്പോസിയവും കാക്കനാട് രാജഗിരി വാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാക് അക്രഡിറ്റേഷനായി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഒരു സ്വതന്ത്ര അക്രഡിറ്റേഷൻ സംവിധാനമായ സാക്കിനും കേരളത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റാങ്കിങ്ങിലേക്കും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തണം. കേരള സർവകലാശാലയ്ക്ക് എ++ ഗ്രേഡും കോഴിക്കോട്, കുസാറ്റ്, കാലടി സർവകലാശാലകൾക്ക് എ+ ഗ്രേഡും ലഭിച്ചു. 13 കോളേജുകൾക്ക് എ++ ഗ്രേഡും 24 കോളേജുകൾക്ക് എ+ ഗ്രേഡും 41 കോളേജുകൾക്ക് എ ഗ്രേഡുമാണ് ലഭിച്ചത്. എംജി സർവകലാശാല അന്താരാഷ്ട്ര റാങ്കിങ്ങിലും ഇടം നേടി.
ഗവേഷണ മേഖലയിലും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ട്രാൻസ്ലേഷണൽ റിസർച്ചിലൂടെയും ഇൻക്യുബേഷനിലൂടെയും ഈ അറിവുകളെ സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ വിനിയോഗിക്കുകയാണ് ലക്ഷ്യം.
നാക് എ++, എ+, എ അക്രഡിറ്റേഷൻ നേടിയ സർവകലാശാലകൾക്കും കോളേജുകൾക്കുമുള്ള എക്സലൻഷ്യ 23 പുരസ്കാരം മന്ത്രി ആർ ബിന്ദുവും നാക് ചെയർമാൻ പ്രൊഫ. ഭൂഷൺ പട്വർധനും ചേർന്ന് വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, വി വിഘ്നേശ്വരി, എം വി നാരായണൻ, മോഹൻ കുന്നുമ്മേൽ, എം കെ ജയരാജ്, ജസ്റ്റിസ് എസ് സിരിജഗൻ, പ്രൊഫ. പി ജി ശങ്കരൻ, പ്രൊഫ. എ സാബു, ഫാ. ജോസ് കുറിയേടത്ത് തുടങ്ങിയവർ പങ്കെടുത്തു.