തിരുവനന്തപുരം
പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയാണ് സർക്കാരിന്റെ പ്രവർത്തനരീതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൽക്കാലിക ആവശ്യത്തിനുവേണ്ടി ആളുകളെ പെട്ടെന്ന് കൂടെനിർത്താൻ തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതി ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. വലിയ പ്രതിസന്ധികളിൽ നമ്മുടെ നാട് തളരുകയല്ല, വളരുകയാണ് ചെയ്തത്. എന്നാൽ, അതുകൊണ്ടുമാത്രം നാം തൃപ്തരല്ല. അവിടെനിന്ന് മുന്നോട്ടുപോകാനും പുതിയ കാലത്തേക്ക് കടക്കാനുമാകണം. ആ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും ഒരു ജില്ലയെയും ഒരു ജീവിതത്തെയും സ്പർശിക്കാതെ നൂറുദിന കർമപരിപാടി കടന്നുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം നൂറുദിന കർമപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുട്ടത്തറയിൽ 400 മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന ഫ്ലാറ്റുകളുടെ കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാടിന് അർഹതപ്പെട്ടത് നിഷേധിക്കുമ്പോൾ സ്വാഭാവികമായും ജനങ്ങൾ ഒരുമിച്ച് അതിനെതിരെ ശബ്ദമുയർത്തും. അർഹിക്കുന്നത് ചോദിച്ചുവാങ്ങാനുള്ള ഈ ഒരുമിക്കൽ ഉണ്ടാകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു. നാടിന് അർഹതപ്പെട്ടത് നിഷേധിക്കാനും നികുതി ഓഹരിയിലെ അർഹമായ വിഹിതം മുടക്കാനും പ്രവാസികൾ നൽകാമെന്ന് സമ്മതിച്ച സഹായം വിലക്കുന്നതും നാം കണ്ടു. ഇത്തരം സ്ഥാപിത താൽപ്പര്യങ്ങൾ വിജയിച്ചുകൂടാ. അതിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കാൻ നമുക്കാകണം. ഏതു പ്രതികൂല സാഹചര്യവും നമുക്ക് അതിജീവിച്ചേ പറ്റൂ.
സാഹചര്യം എന്താണെന്നും ആര് സൃഷ്ടിച്ചതെന്നും എന്തിന് സൃഷ്ടിച്ചെന്നും നോക്കാതെ ചിലർ നിലപാടെടുക്കുന്നു. അത് സംസ്ഥാനത്തെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. വിവേചന ബുദ്ധിയോടെ ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കുന്ന കേരള ജനതയെയാണ് നമുക്ക് കാണാനാകുക. സംസ്ഥാനത്ത് സാമ്പത്തികമായി വിഷമകരമായ സാഹചര്യമുണ്ടെങ്കിലും അത് പ്രതിസന്ധിയല്ല. പ്രശ്നങ്ങൾ മാത്രമാണ്. അത് പരിഹരിക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.