ന്യൂഡൽഹി
ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തി. മിനിമം പെൻഷൻ 9,000 രൂപ ആക്കുക എന്ന ആവശ്യവും എംപിമാർ ഉന്നയിച്ചു. 27 ലക്ഷം വരുന്ന പെൻഷൻകാരോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ക്രൂരനയങ്ങളാണെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ യഥാർഥ സമ്പത്ത് ഉൽപ്പാദകരായ തൊഴിലാളികളോട് സ്വീകരിക്കുന്ന നയം കേന്ദ്രം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എളമരത്തിനു പുറമെ എംപിമാരായ ബിനോയ് വിശ്വം, ജോസ് കെ മാണി, പി സന്തോഷ്കുമാർ, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം, എ എം ആരിഫ്, പി ആർ നടരാജൻ, ബികാഷ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി.