തിരുവനന്തപുരം
സംസ്ഥാനത്ത് ഏപ്രിൽമുതൽ എട്ടുലക്ഷം കുടുംബത്തിന് വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളം ലഭിക്കും. നിലവിൽ 6.43 ലക്ഷം സൗജന്യ കണക്ഷനുണ്ട്. വാട്ടർ അതോറിറ്റിയുടെ മൊത്തം കണക്ഷൻ 39.51 ലക്ഷമാണ്. ഇതിൽ 37.77 ലക്ഷം ഗാർഹികമാണ്. 2008ലെ എൽഡിഎഫ് സർക്കാരാണ് ബിപിഎൽ കുടുംബത്തിന് സൗജന്യമാക്കിയത്. 15,000 ലിറ്റർ വെള്ളമാണ് നൽകുന്നത്.
മുൻഗണനാ വിഭാഗമായി 42 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്. മഞ്ഞ കാർഡുകാരായി 5,88,914 കുടുംബവും പിങ്ക് കാർഡുകാരായി 35,08,362 എണ്ണവുമുണ്ട്. ഇവർക്കെല്ലാം സൗജന്യ കണക്ഷന് അർഹതയുണ്ട്. ജലജീവൻ മിഷനിലൂടെ 52 ലക്ഷം കണക്ഷനാണ് ലക്ഷ്യം. 15.82 ലക്ഷം നൽകി. ഒരുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം.
അപേക്ഷ നൽകാം
അർഹതപ്പെട്ട കുടുംബത്തിന് കുടിവെള്ള കണക്ഷൻ ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റാനായി മാർച്ച് 31 വരെ അപേക്ഷ നൽകാം. ഓൺലൈനായും വാട്ടർ അതോറിറ്റിയിലും സ്വീകരിക്കും. മുൻഗണനാ കാർഡുകാർക്കാണ് മാറ്റാനാകുക.
നിരക്ക് വർധന
39 വർഷത്തിൽ
അഞ്ചുവട്ടം
1984ൽ വാട്ടർ അതോറിറ്റി രൂപീകരിച്ചശേഷം വെള്ളക്കരം സമഗ്രമായി വർധിപ്പിച്ചത് അഞ്ചുവട്ടം. എട്ടുവർഷത്തിൽ ഒരുവർധന. വൈദ്യുതി ചാർജ്, രാസവസ്തുക്കളുടെ നിരക്ക് വർധന, അറ്റകുറ്റപ്പണിക്കായുള്ള ചെലവ്, ശമ്പളം, പെൻഷൻ എന്നിവയ്ക്ക് ആനുപാതിക വർധന ഉണ്ടായിട്ടില്ല. 1000 ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണത്തിന് എത്തിക്കുമ്പോൾ ചെലവ് 22.85 രൂപ. ശരാശരി വരുമാനം 10.92 രൂപയും. നിലവിലെ മിനിമം ചാർജ് 72 രൂപയാണ്. 85 ശതമാനം ഉപയോക്താക്കളും 20,000 ലിറ്ററിൽ താഴെ വെള്ളം ഉപയോഗിക്കുന്നവരാണ്. 15,000–- 20,000 സ്ലാബിൽ 1000 ലിറ്ററിന് 16.62 രൂപ മാത്രമാണ് നിരക്ക്.