ചെന്നൈ
അദാനി മുഖ്യ സ്പോൺസറായ പരിപാടിയിൽ അവാർഡ് നിരസിച്ച് തമിഴ് എഴുത്തുകാരി സുകൃതറാണി. മികച്ച നേട്ടം കൈവരിച്ച 12 സ്ത്രീകൾക്ക് മാധ്യമസ്ഥാപനമായ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഏർപ്പെടുത്തിയ ദേവി അവാർഡാണ് ഇവർ നിരസിച്ചത്. അദാനി ബന്ധമുള്ള പരിപാടിയിൽ പങ്കെടുക്കുന്നത് ജീവിതദർശനത്തിനും എഴുത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കും എതിരാകുമെന്ന് അവർ പ്രതികരിച്ചു.
റാണിപെട്ട് ജില്ലയിലെ സർക്കാർ വിദ്യാലയത്തിൽ തമിഴ് അധ്യാപികയും ആക്ടിവിസ്റ്റുമാണ് സുകൃതറാണി. ചെന്നൈയിലെ ഹോട്ടലിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ പുതുച്ചേരി ഗവർണർ കിരൺ ബേദിയാണ് അവാർഡുകൾ സമ്മാനിച്ചത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അഹൂജാ സൺസ് എന്നിവർക്കൊപ്പം അദാനി ഗ്രൂപ്പും പരിപാടിയുടെ മുഖ്യ സംഘാടകരായിരുന്നു.
രാജ്യമാകെയുള്ള, വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകൾക്കായിരുന്നു ആദരം. പ്രഗൽഭരുൾപ്പെട്ട ജൂറിയുടെ തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നതായും എന്നാൽ, അദാനി പ്രതിനിധാനം ചെയ്യുന്ന ആശയവുമായി വിയോജിക്കുന്നതിനാൽ അവാർഡ് സ്വീകരിക്കുന്നില്ലെന്നും സുകൃതറാണി സംഘാടകരെ ഇ–- മെയിലിൽ അറിയിച്ചു. ദളിത് എഴുത്തുകാരിയായ ഇവരുടെ ആറ് കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാല അക്കാദമിക് കൗൺസിൽ 2021ൽ ഇംഗ്ലീഷ് ഓണേഴ്സ് പാഠ്യപദ്ധതിയിൽനിന്ന് സുകൃതറാണിയുടെ കവിത കാരണമില്ലാതെ ഒഴിവാക്കിയത് വൻ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.