കോഴിക്കോട്
പ്രസംഗമാണ് സി പി കുഞ്ഞുവെന്ന ജനകീയ നേതാവിനെ വളർത്തിയത്. പാർടി നയവും നിലപാടുകളും ആയിരക്കണക്കിനാളുകളിലേക്ക് തെളിമയോടെ എത്തിക്കുന്നതിന് കുഞ്ഞു തെരഞ്ഞെടുത്ത രീതിശാസ്ത്രമായിരുന്നു പ്രസംഗം. തലയറഞ്ഞുചിരിക്കാവുന്ന ഹാസ്യമാണ് കുഞ്ഞുവെന്ന രാഷ്ട്രീയക്കാരനെ ജനപ്രിയനാക്കിയത്. രണ്ടും മൂന്നും മണിക്കൂർ നീളുന്ന പ്രസംഗം കേൾക്കാൻ സമീപ ജില്ലകളിൽനിന്നുപോലും ആളുകൾ ഒഴുകിയെത്തുമായിരുന്നു. കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിൽ പ്രസംഗിച്ച് നടന്ന സി പി കുഞ്ഞുവിനെ അധികം വൈകാതെ കേരളമൊന്നടങ്കം കേൾക്കാൻ തുടങ്ങി. ആയിരങ്ങൾ കൈയടിച്ചു. പ്രസംഗത്തിന് കൂട്ടിക്കൊണ്ടുപോകാൻ അതിരാവിലെ കോഴിക്കോട്ടെ വീട്ടിൽ ആളെത്തുന്ന കാലം. തിരിച്ചെത്തുന്നത് പാതിരാകഴിഞ്ഞായിരുന്നു.
തെരഞ്ഞെടുപ്പ് വേദികളിലെ താരപ്രചാരകനായിരുന്നു. മുസ്ലിംലീഗായിരുന്നു ആ വജ്രായുധത്തിന്റെ മൂർച്ച ഏറ്റവുമറിഞ്ഞത്. ‘ബിരിയാണിച്ചെമ്പിൽ കുറിയരി വെക്കുന്നവർ’ പോലുള്ള ഹാസ്യം കലർന്ന നമ്പറുകളാലാണ് അദ്ദേഹം ലീഗിനെ വിശേഷിപ്പിക്കുക. ഹിന്ദിയും അറബിയും ഉറുദുവുമെല്ലാം പ്രസംഗത്തിന്റെ ഭാഗമാകും. തമാശയും ഭാഷാവൈവിധ്യവും രസികൻ പ്രയോഗങ്ങളുമൊക്കെയുണ്ടാവും. എ കെ ജിയും ഇ എം എസും ഉൾപ്പെടെയുള്ള നേതാക്കൾ കുഞ്ഞുവിന്റെ പ്രസംഗത്തിന്റെ കേൾവിക്കാരായി. ആളുകളെ പിടിച്ചിരുത്താനായി അവസാനത്തേക്കാണ് സംഘാടകർ കുഞ്ഞുവിന്റെ പ്രസംഗം കരുതിവയ്ക്കുക. ശരീഅത്ത് വിവാദം കത്തിപ്പടർന്നകാലത്ത് പാർടി ലൈൻ വിശദീകരിക്കുന്നതിൽ കുഞ്ഞുവിന്റെ പ്രസംഗശൈലി നിർണായകമായി.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. 16ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ സജീവമായി. പ്രസംഗവും സംഘാടനമികവും ജനസ്വാധീനവും ജനനേതാവാക്കി മാറ്റി. കോർപറേഷൻ കൗൺസിലറും പാർലമെന്ററി പാർടി നേതാവും എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ആയി ഉയർന്നു.മുസ്ലിംലീഗിന് സ്വാധീനമുണ്ടായിരുന്ന കോഴിക്കോട് രണ്ടിൽ വിജയം കൊയ്താണ് 1987ൽ കുഞ്ഞ് ആദ്യമായി നിയമസഭയിൽ എത്തിയത്. 2277 വോട്ടിനായിരുന്നു വിജയം. മുസ്ലിംലീഗിലെ കെ കെ മുഹമ്മദിനെയാണ് പരാജയപ്പെടുത്തിയത്. 1991ൽ എം കെ മുനീറിനോട് 3883 വോട്ടിന് പരാജയപ്പെട്ടു.