ന്യൂഡൽഹി > ഫെബ്രുവരി 14 “കൗ ഹഗ് ഡേ’ ആയി ആഘോഷിക്കാൻ പശു സ്നേഹികളോട് ആവശ്യപ്പെട്ടുള്ള ഉത്തരവ് കേന്ദ്ര ആനിമൽ വെൽഫെയർ ബോർഡ് പിൻവലിച്ചു. ലോകമെമ്പാടും വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14-ന് പശുക്കളെ കെട്ടിപ്പിടിക്കാൻ പശു പ്രേമികളോട് കേന്ദ്രം നേരത്തെ നോട്ടീസ് നൽകിയിരുന്നു.
പശു ഇന്ത്യന്‍ സംസ്കാരത്തിന്റെ നട്ടെല്ലാണെന്നും പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യയില്‍ ഏറിവരുന്നുവെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. ‘പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും’ എന്നും ഉത്തരവിൽ ഉണ്ടായിരുന്നു.