തിരുവനന്തപുരം > നമ്മുടെ നാടിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും കരുത്തോടെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മൂന്നാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുക എന്നതാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തന രീതിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയെയും ഉൾപ്പെടുത്തും. ഇത് സര്‍ക്കാര്‍ മാത്രമായി ചെയ്യുന്നതല്ല, നമ്മളെല്ലാവരും ഒന്നുചേര്‍ന്ന് ചെയ്യുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപന ചടങ്ങിലാണ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ഫെബ്രുവരി 10 മുതല്‍ മെയ് 20 വരെയാണ് മൂന്നാംഘട്ട കര്‍മ്മ പരിപാടികള്‍ നടക്കുക. വിവിധ വകുപ്പുകളുടെ സഹായത്തോടെ ഒട്ടേറെ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുന്നത്. മൂന്നാം കര്‍മ്മദിന പരിപാടികളുടെ ഭാഗമായി 15,896.03 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആകെ 1284 പ്രൊജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.