കൊച്ചി> വിവരാവകാശ മറുപടികളില്‍ കാലതാമസം വരുത്തിയതിനും തെറ്റായ മറുപടി നല്‍കിയതിനും 12 പരാതികളില്‍ താല്‍ക്കാലിക നടപടി എടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എല്‍. വിവേകാനന്ദന് പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ ഹിയറിംഗില്‍ പരിഗണിച്ച 20 പരാതികളില്‍ 12 പരാതികളിലാണ് നടപടി.
അപേക്ഷകളില്‍ ഈ ഓഫീസുകളില്‍ നിയമം കൃത്യമായി കൈകാര്യം ചെയ്തിട്ടില്ല എന്നാണ് കമ്മീഷന് വിലയിരുത്തല്‍. 12 ഓഫീസുകളിലെ പൊതുവിവരാവകാശ അധികാരികളെ കേട്ടതിനുശേഷം അന്തിമതീരുമാനം എടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. വിവരാവകാശ അപേക്ഷകളില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും. മറുപടി കൊടുക്കാന്‍ വൈകിയാല്‍ 30 ദിവസത്തിനുശേഷം ഓരോ ദിവസത്തിനും 250 രൂപ വീതം 25,000 രൂപ വരെ പിഴ ഈടാക്കും.
കാലതാമസം അല്ലെങ്കില്‍ തെറ്റായ മറുപടിയാണ് 12 പരാതികളില്‍ ഉണ്ടായിരിക്കുന്നത്. വ്യാജ കൗണ്‍സലിങ് സെന്റര്‍ നടത്തിയതിന് എതിരായ പരാതിയില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന വിവരാവകാശ അപേക്ഷയില്‍ നാലുമാസം കഴിഞ്ഞാണ് മറുപടി നല്‍കിയത്. അപ്പോഴേക്കും കൗണ്‍സിലിങ് സെന്റര്‍ നടത്തിയ ആള് സ്ഥലം വിട്ടു. ഇത്തരത്തില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സീറ്റ് ബെല്‍ട്ട് ധരിക്കാതെ യാത്ര ചെയ്യുന്നതിനെതിരെ 1000 രൂപ ഫൈന്‍ ഈടാക്കി തുടങ്ങിയതോടെ എല്ലാവരും നിയമം പാലിക്കാന്‍ തുടങ്ങി. അതുപോലെ വിവരാവകാശ മറുപടികളില്‍ കാലതാമസം വരുത്തുന്ന ഓഫീസര്‍മാര്‍ക്കെതിരെ പിഴ ഈടാക്കി തുടങ്ങിയാല്‍ മാറ്റമുണ്ടാകും. സമയ പരിധിക്കുളളില്‍ മറുപടി ലഭിക്കുകയും ചെയ്യുമെന്ന് കമ്മീഷണര്‍ വിലയിരുത്തി.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ നല്കിയ അപേക്ഷയില്‍ മറുപടി ലഭിച്ചില്ല എന്ന് ഒരു പരാതി പരിഗണിച്ചു. എന്നാല്‍ വിവരം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതിയുടെ തന്നെ വിധിയുണ്ടെന്ന് കമ്മീഷന് വ്യക്തമാക്കി. അതേസമയം ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ലഭിച്ച അപേക്ഷയില്‍ മറുപടി നല്‍കിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കേണ്ടതില്ല എന്ന അവരുടെ നിലപാട് ശരിയല്ലെന്നും കമ്മീഷന് വ്യക്തമാക്കി.