ന്യൂഡൽഹി
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും അദാനി വിഷയത്തിൽ നിശ്ശബ്ദത പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിപ്രമേയ ചർച്ചയുടെ മറുപടിയായി ഒരു മണിക്കൂറിലേറെ സംസാരിച്ചിട്ടും അദാനിയ്ക്കെതിരായ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാൻ മോദി കൂട്ടാക്കിയില്ല. ‘മോദി–- അദാനി ഭായ് ഭായ്’, ‘വി വാണ്ട് ജെപിസി’ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ മറുപടിയിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതിപക്ഷ മുദ്രാവാക്യം പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചു. സഭയിലെ ചിലരുടെ ഭാഷയും പെരുമാറ്റവും ഇന്ത്യക്ക് നിരാശാജനകമാണ്. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. തന്നെ എതിരിടാൻ ധൈര്യമില്ല. എപ്പോഴും ഒഴിഞ്ഞുമാറാൻ വഴികൾ തേടുകയാണ്. ചില അംഗങ്ങൾ സഭയെത്തന്നെ അവഹേളിക്കുകയാണ്. അവർ എന്താണ് പറയുന്നതെന്ന് രാജ്യം കേൾക്കുന്നുണ്ട്.
അവർക്ക് ആവശ്യത്തിന് മുദ്രാവാക്യങ്ങൾ ഇല്ല. പലപ്പോഴും മുദ്രാവാക്യങ്ങൾ മാറ്റേണ്ടി വരുന്നു. അവർ രാഷ്ട്രീയം കളിക്കുകയാണ്. –- നെഞ്ചത്തടിച്ച് മോദി പറഞ്ഞു. പതിവുപോലെ ഗാന്ധിയെയും നെഹ്റുവിനെയും വിമർശിക്കാനും മോദി മറന്നില്ല.