അഗർത്തല
ത്രിപുരയിൽ ഇടതുമുന്നണി നയിക്കുന്ന മതനിരപേക്ഷ സഖ്യത്തിന്റെ പ്രചാരണം ആവേശക്കൊടുമുടിയിൽ. ബിജെപി ആക്രമണങ്ങളും ഭീഷണിയും അതിജീവിച്ച് സ്ത്രീകളും വയോധികരും അടക്കം പ്രചാരണത്തിൽ വൻതോതിൽ പങ്കെടുക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷത്തിന് രാഷ്ട്രീയപ്രവർത്തനം അസാധ്യമായിരുന്ന പ്രദേശങ്ങളിലും വിപുലമായ പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞത് മതനിരപേക്ഷ സഖ്യത്തിന് ആത്മവിശ്വാസം പകരുന്നു. ബിജെപിക്കാർ തുടർച്ചയായി ആക്രമണങ്ങൾ സംഘടിപ്പിച്ച റാണി ബസാറിലും അഗർത്തല ഗോൾചക്കറിലും വന് ജനപങ്കാളിത്തത്തോടെ പൊതുയോഗങ്ങൾ ചേർന്നു.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ കഴിഞ്ഞ ഒന്നുമുതൽ സംസ്ഥാനവ്യാപകമായി പര്യടനം നടത്തിവരികയാണ്. ഇടതുമുന്നണി ഭരണകാലത്തെയും അഞ്ചുവർഷത്തെ ബിജെപി ഭരണത്തെയും താരതമ്യം ചെയ്ത് മണിക് സർക്കാർ പൊതുയോഗങ്ങളിൽ സംസാരിക്കുമ്പോൾ കൈയടി ഉയരുന്നു. പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാൾ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെയും പര്യടനം വ്യാഴാഴ്ച തുടങ്ങി. ഗോമതി ജില്ലയിലെ ഉദയ്പുരിൽ സീതാറാം യെച്ചൂരി സംസാരിച്ച പൊതുയോഗത്തിൽ ആയിരങ്ങൾ ഒഴുകിയെത്തി. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ബുധനാഴ്ച തുടങ്ങിയ പര്യടനം 12 വരെ തുടരും. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 11നും 12നും പൊതുയോഗങ്ങളിൽ സംസാരിക്കും. ശബ്രൂം മണ്ഡലത്തിൽ സ്ഥാനാർഥിയായ പാർടി സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും ഇതര മേഖലകളിൽ പ്രചാരണത്തിന് എത്തുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങൾ വഴി ബിജെപി വ്യാപകമായ കുപ്രചാരണം നടത്തി. കപട വാഗ്ദാനങ്ങൾ നൽകാനും അവർ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചു. ഇപ്പോൾ സ്ഥിതി മാറി. കള്ളപ്രചാരണം ഉടനടി തുറന്നുകാട്ടാനും ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനും സിപിഐ എം സമൂഹമാധ്യമ സംവിധാനത്തിന് കഴിയുന്നു. ഇടതുമുന്നണി പ്രവർത്തകരും അനുഭാവികളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.