ന്യൂഡൽഹി
കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ കേന്ദ്രബജറ്റിനെതിരെ അഖിലേന്ത്യ കിസാൻസഭയും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയനും കരിദിനമാചരിച്ചു. 300 ജില്ലയിലെ 12,000 ഗ്രാമത്തിൽ ബജറ്റിന്റെ പകർപ്പ് കത്തിച്ചു. ചില ഗ്രാമങ്ങളിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. പഞ്ചാബിലെ ലുധിയാന, ബിഹാർ, ഗുജറാത്ത്, യുപി, ഹരിയാന, ബംഗാൾ, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് കർഷകരും കർഷകത്തൊഴിലാളികളും പ്രക്ഷോഭത്തിന്റെ ഭാഗമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധമിരമ്പി. 13നും 14ലുമാണ് തമിഴ്നാട്ടിലും കേരളത്തിലും കരിദിനാചരണം.
കാർഷികമേഖലയ്ക്കുള്ള എസ്റ്റിമേറ്റ് 2022––23ൽ 1.24 ലക്ഷം കോടിയായിരുന്നത് ഈവർഷം 1.15 ലക്ഷം കോടിയാക്കി വെട്ടിച്ചുരുക്കി. തൊഴിലുറപ്പ് പദ്ധതി വിഹിതം 89,000 കോടിയിൽനിന്ന് 60,000 കോടിയാക്കി. 2.25ലക്ഷം കോടിയായിരുന്ന വളം സബ്സിഡി 1.75ലക്ഷം കോടിയാക്കി. 2022––23 പുതുക്കിയ എസ്റ്റിമേറ്റിൽ 1500 കോടി രൂപയായിരുന്ന വിപണി ഇടപെടലിനും താങ്ങുവിലയ്ക്കുമുള്ള വിഹിതം നടപ്പ്ബജറ്റിൽ പരാമർശിച്ചിട്ടേയില്ല. കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരെ രാജ്യത്തെ പോരാട്ടം വീണ്ടും കരുത്താര്ജ്ജിക്കുകയാണെന്ന് അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കട്ട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.