ഉദയ്പുർ (അഗർത്തല)
ത്രിപുര തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തണം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഗോമതി ജില്ലയിലെ ഉദയ്പുർ രമേഷ് സ്കൂൾ മൈതാനത്ത് ചേർന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
സിപിഐ എമ്മിനെയും കോൺഗ്രസിനെയും ത്രിപുരയിൽ ഒരേ ചേരിയിലാക്കിയത് ഇഡിയാണെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി പറഞ്ഞതോടെ ഇഡിയെ കേന്ദ്രം ദുരുപയോഗിച്ചതായി സമ്മതിച്ചിരിക്കയാണ്. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നു. മറുവശത്ത്, ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് എല്ലാം തളികയിൽവച്ച് നൽകുന്നു. എട്ട് വിമാനത്താവളമാണ് അദാനിക്ക് കൈമാറിയത്. സിമന്റ് ഫാക്ടറികളും പ്രതിരോധ ഫാക്ടറിയുമെല്ലാം അദാനിക്ക് നൽകി.
ഇരട്ട എൻജിൻ വികസനത്തിനു പകരം ഇരട്ട എൻജിൻ കൊള്ളയാണ് നടക്കുന്നത്–- സീതാറാം യെച്ചൂരി പറഞ്ഞു. കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര, ആർഎസ്പി നേതാവ് മൃൺമയ് സെൻ ഗുപ്ത, സിപിഐ എം ജില്ലാ സെക്രട്ടറി മാധവ് സാഹ എന്നിവരും സംസാരിച്ചു.