കോട്ടയം
ഇറക്കുമതി കടലാസിനോട് അകലംചൊല്ലി പത്രലോകം കേരളത്തിന്റെ സ്വന്തം കടലാസിലേക്ക്. ദേശാഭിമാനിയടക്കം വെള്ളിയാഴ്ച രാജ്യത്തിറങ്ങിയ 11 പത്രങ്ങൾ അച്ചടിച്ചത് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) ഉൽപ്പാദിപ്പിച്ച കടലാസിലാണ്. ഇംഗ്ലീഷ് പത്രങ്ങളായ ദ ഹിന്ദുവും ബിസിനസ് സ്റ്റാൻഡേർഡും ആറ് മലയാള പത്രങ്ങളും കെപിപിഎൽ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങി. കൂടെ രണ്ട് തെലുങ്ക് പത്രങ്ങളും ഒരു തമിഴ് പത്രവും.
ഇറക്കുമതിചെയ്യുന്നകടലാസിനേക്കാൾ വിലകുറവാണ്. കൂടാതെ അവ സൂക്ഷിക്കാനുള്ള ഗോഡൗണുകൾക്കുള്ള വാടകയും ഒഴിവാകും. ഒരുദിവസം കെപിപിഎല്ലിൽ നിർമിക്കുന്നത് ശരാശരി 175 ടൺ കടലാസാണ്. ആഴ്ചകൾക്കകം പ്രൊഡക്ഷൻ പ്ലാന്റിന്റെ പരമാവധി ശേഷിയായ 320 ടണ്ണിലേക്ക് നിർമാണമെത്തും. ഹിന്ദി പത്രങ്ങളടക്കം ന്യൂസ്പ്രിന്റിനായി കെപിപിഎല്ലിനെ സമീപിച്ചിട്ടുണ്ട്. കൂടുതൽ പത്രങ്ങളുമായി വൈകാതെ കരാറിലെത്തും.
നിലവിൽ 45 ജിഎസ്എം(ഗ്രാംസ് പെർ സ്ക്വയർ മീറ്റർ) ഉള്ള കടലാസാണ് ഉൽപ്പാദിപ്പിക്കുന്നത്. ആവശ്യമനുസരിച്ച് മാസികകൾക്കും പുസ്തകങ്ങൾക്കുമുള്ള ജിഎസ്എം കൂടിയ കടലാസും ഉൽപ്പാദിപ്പിക്കാനാകും. കടലാസിനാവശ്യമായ പൾപ്പ് നിർമിക്കാൻ സംസ്ഥാന വനംവകുപ്പ് 24,000 ടൺ തടി നേരത്തേ അനുവദിച്ചിരുന്നു. ഇതിൽ 8,000 ടൺ ഉപയോഗിച്ചു. ഡീഇങ്കിങ്ങിലൂടെ പഴയ കടലാസിലെ മഷി നീക്കി റീസൈക്കിൾ ചെയ്തുണ്ടാക്കിയ പൾപ്പിന് പുറമെ കെമി–-മെക്കാനിക്കൽ പൾപ്പ്, കെമിക്കൽ പൾപ്പ് എന്നിവയും ഉപയോഗിച്ചാണ് കടലാസ് നിർമാണം. കേന്ദ്രസർക്കാർ നഷ്ടത്തിലാക്കി വിൽക്കാൻവച്ച പഴയ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്എൻഎൽ) എൽഡിഎഫ് സർക്കാർ ലേലത്തിൽ സ്വന്തമാക്കിയാണ് കെപിപിഎൽ രൂപീകരിച്ചത്.