കുവൈത്ത് സിറ്റി> ജീവകാരുണ്യ മേഖലയിലെ കൂട്ടായ്മയായ സാന്ത്വനം കുവൈത്തിന്റെ 22ാം വാർഷിക പൊതുയോഗം ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷനായി. സെക്രട്ടറി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുനിൽ ചന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും റിഷി ജേക്കബ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജ്യോതിദാസ് സ്വാഗതവും ജിതിൻ ജോസ് നന്ദിയും പറഞ്ഞു. സാന്ത്വനം കുവൈത്തിന്റെ ഉപദേശകസമിതിയംഗവും സാമൂഹിക സാംസ്കാരിക രംഗത്തെ സൗഹൃദമുഖവുമായിരുന്ന ജോൺ മാത്യുവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
2022ൽ 1,279 രോഗികൾക്ക് 1.33 കോടി രൂപയുടെ ചികിത്സ സഹായ പദ്ധതികളും, 22 വർഷത്തെ പ്രവർത്തനത്തിനിടെ 16,000 രോഗികൾക്കായി 15.50 കോടി രൂപ ചികിത്സ ദുരിതാശ്വാസ സഹായം നൽകിയതായും ഭാരവാഹികൾ അറിയിച്ചു. 2022 വർഷത്തെ പ്രത്യേക സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി 50 ലക്ഷം രൂപ ചെലവുവരുന്ന ഫിസിയോതെറപ്പി – റീഹാബിലിറ്റേഷൻ സെന്റർ നിർമിക്കുമെന്നും , രോഗികൾക്ക് സൗജന്യ സേവനം ഉറപ്പുവരുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
അബ്ബാസിയ ആർട്സ് സർക്കിളിൽ നടന്ന യോഗത്തിൽ വാർഷിക സുവനീർ ‘സ്മരണിക 2022’ഉപദേശക സമിതി അംഗം ഹമീദ് കേളോത്ത് പ്രകാശനം ചെയ്തു. സുവനീർ രൂപകൽപന ചെയ്ത നാസർ, കവർ പേജ് തയാറാക്കിയ റോസ് മേരി ആന്റോ എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. മിനി സുവനീർ ഏറ്റുവാങ്ങി.ജീവകാരുണ്യ രംഗത്തെ സംഭാവന പരിഗണിച്ച് കൊമ്മേരി കൾച്ചറൽ ഫോറത്തിന്റെ പ്രത്യേക പുരസ്കാരം സലീം കൊമ്മേരിയിൽനിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സാന്ത്വനത്തിന്റെ ആദ്യകാല അംഗം മോട്ടി ഡേവിഡിന് ഉപദേശക സമിതി അംഗം ബാബു എരിഞ്ചേരി മെമന്റോ നൽകി.
പുതിയ ഭാരവാഹികളായി പി.എൻ. ജ്യോതിദാസ് ( പ്രസിഡന്റ് ), ജിതിൻ ജോസ് (ജനറൽ സെക്രട്ടറി ), സന്തോഷ് ജോസഫ് (ട്രഷറർ ) എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.