കൊച്ചി
ഓഹരിവിപണിയിൽ നഷ്ടത്തുടക്കം. ആഴ്ചയിലെ ആദ്യദിവസം സെൻസെക്സ് 334.98 പോയിന്റ് (-0.55 ശതമാനം) നഷ്ടത്തിൽ 60506.90ലും നിഫ്റ്റി 89.40 പോയിന്റ് (0.50 ശതമാനം) താഴ്ന്ന് 17764.60ലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ, ഐടി, പവർ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ബിഎസ്ഇ മെറ്റൽ സൂചിക 2.03 ശതമാനവും ഐടി 0.67 ശതമാനവും പവർ 1.01 ശതമാനവും നിഫ്റ്റി എനർജി സൂചിക 0.71 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
തുടർച്ചയായി നഷ്ടം നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികൾ തിങ്കളാഴ്ചയും തിരിച്ചടി നേരിട്ടു. അദാനി ട്രാൻസ്മിഷൻ 10 ശതമാനം ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 2.05 ശതമാനവും ടോട്ടൽ ഗ്യാസും അദാനി പവറും അദാനി ഗ്രീൻ എനർജിയും അഞ്ച് ശതമാനവും നഷ്ടത്തിലായി. അദാനി ട്രാൻസ്മിഷൻ 10 ശതമാനം ഇടിഞ്ഞു. ഓഹരി ഒന്നിന് 140.15 രൂപ നഷ്ടപ്പെട്ട് വില 1261.40 രൂപയായി താഴ്ന്നു. അംബുജ സിമന്റ് 0.91 ശതമാനവും എസിസി 2.24 ശതമാനം നേട്ടമുണ്ടാക്കി.
ടാറ്റാ സ്റ്റീലാണ് ബിഎസ്ഇയിൽ ഏറ്റവും നഷ്ടം നേരിട്ടത് (2.08 ശതമാനം). ഇൻഫോസിസ് 1.79 ശതമാനവും റിലയൻസ് 0.75 ശതമാനവും നഷ്ടത്തിലായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (1.15), വിപ്രോ (0.76), ടെക് മഹീന്ദ്ര (0.66), മാരുതി സുസുകി (0.39) എന്നിവയാണ് നഷ്ടം നേരിട്ട മറ്റു ചില പ്രധാന ഓഹരികൾ. എൻടിപിസി, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കി.
വായ്പ മുൻകൂർ അടച്ച് അദാനി ഗ്രൂപ്പ്
ഹിൻഡൻബർഗ് റിപ്പോർട്ട് സൃഷ്ടിച്ച അവിശ്വാസം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വായ്പകൾ മുൻകൂറായി തിരിച്ചടച്ച് അദാനി ഗ്രൂപ്പ്. ഓഹരികൾ പണയപ്പെടുത്തി എടുത്ത 9102 കോടി രൂപയുടെ വായ്പയാണ് കാലാവധിക്ക് മുമ്പെ തിരിച്ചടച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തിൽ പത്ത് ലക്ഷം കോടി രൂപയുടെ ഇടിവാണ് സംഭവിച്ചത്. ചില വായ്പകൾ മുൻകൂറായി തിരിച്ചടയ്ക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ തിങ്കളാഴ്ച അദാനി പോർട്സിന്റെ ഓഹരി വിലയിൽ 8.63 ശതമാനത്തിന്റെ കുതിപ്പുണ്ടായി.
ബ്ലൂംബർഗ് പട്ടികയിലും വീഴ്ച
ബ്ലൂംബർഗ് പുറത്തുവിട്ട ഏറ്റവും പുതിയ ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനി നാലാം സ്ഥാനത്തുനിന്ന് 21ലേക്ക് വീണു. ബ്ലൂംബർഗ് പട്ടികപ്രകാരം നിലവിൽ 4.84 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പ് 10 ലക്ഷം കോടിക്ക് അടുത്തായിരുന്നു. ആസ്തിയൽ 5.05 ലക്ഷം കോടിയുടെ (51.1 ശതമാനം) ഇടിവ് സംഭവിച്ചു.