പെർത്ത് : ഓസ്ട്രേലിയയിൽ 16കാരി സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു. നോർത്ത് ഫ്രീമാന്റിലിലെ പെർത്തിന്റെ പ്രാന്തപ്രദേശത്തുള്ള സ്വാൻനദിയിൽ നീന്താനിറങ്ങിയ പെൺകുട്ടിയാണ് സ്രാവിന്റെ കടിയേറ്റ് മരിച്ചത്. പെൺകുട്ടിയെ ഏതിനം സ്രാവാണ് കടിച്ചതെന്ന് വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. ശനിയാഴ്ച ആണ് സംഭവം.
പെൺകുട്ടിയെ നദിയിൽ നിന്ന് കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെ വെച്ചുതന്നെ കുട്ടി മരിച്ചിരുന്നു എന്ന് ഫ്രെമാന്റിൽ ജില്ലാ പൊലീസ് ആക്ടിംഗ് ഇൻസ്പെക്ടർ പോൾ റോബിൻസൺ അറിയിച്ചു. സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടർ ഖേദം രേഖപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടി നദിയിൽ ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു. ജെറ്റ്-സ്കീയിലായിരുന്നു (ജലത്തിന്റെ ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കുകയും സാധാരണയായി ഒരു മോട്ടോർ സൈക്കിൾ പോലെ ഓടിക്കുകയും ചെയ്യുന്ന വാഹനം) അവർ എത്തിയത്. ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. നദിയുടെ ഈ ഭാഗത്ത് സ്രാവുകൾ കാണപ്പെടുന്നത് അസാധാരണമാണെന്ന് ഫിഷറീസ് വിദഗ്ദർ പൊലീസിനോട് പറഞ്ഞു.
പ്രശസ്തമായ നീന്തൽ സ്ഥലത്തിന് സമീപം സ്രാവുകൾ താമസിക്കുന്നുണ്ടെങ്കിലും, ആക്രമണങ്ങൾ അ അപൂർവമാണ്.
ഓസ്‌ട്രേലിയൻ മറൈൻ കൺസർവേഷൻ സൊസൈറ്റിയിലെ ഒരു വിദഗ്ധൻ – ഡോ ലിയോ ഗൈഡ- പറഞ്ഞത്, ആക്രമണം യാദൃശ്ചികമാണെന്നും പെൺകുട്ടി തെറ്റായ സമയത്ത്, തെറ്റായ സ്ഥലത്തായിരുന്നത് കൊണ്ടാണെന്നുമാണ്.
“ഇത് അസാധാരണമാംവിധം അപൂർവമാണ്, അതാണ് ഇതിനെ കൂടുതൽ ദുരന്തമാക്കുന്നതെന്ന് ” – ഡോ ലിയോ ഗൈഡ പറഞ്ഞു.