കുവൈറ്റ് സിറ്റി> ധനകാര്യമന്തി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാട്ടിയിട്ടുള്ളതെന്നും ബജറ്റ് നിരാശാജനകമാണെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇത്തവണയും ബജറ്റ് അവഗണിച്ചു. രാജ്യത്തിനകത്ത് തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതികളൊന്നുമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളെയാകെ സ്വകാര്യവത്കരിച്ചുകൊണ്ട് പുതിയ തൊഴിലന്വേഷകരെയുൾപ്പടെ ബജറ്റ് അവഗണിച്ചിരിക്കുകയാണ്.
പൊതു തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകൾക്കപ്പുറം രാജ്യത്തിന്റെ പൊതുതാത്പര്യത്തിനും തൊഴിൽ മേഖലയുടെ ഉന്നമനത്തിനും സഹായകരമാവുന്ന ഒന്നിനും ബജറ്റ് പരിഗണന നൽകിയിട്ടില്ല . കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉത്പടെയുള്ള ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്, ദാരിദ്ര്യ നിർമ്മാർജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചുകൊണ്ട് സാധാരണക്കാരായ മനുഷ്യരോടും, തൊഴിലാളികളോടുമുള്ള തികഞ്ഞ അവഗണന തുടരുകയാണ്.
കേരളത്തോടുള്ള സമീപനത്തിൽ മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച അതേ അവഗണന ഈ ബജറ്റിലും തുടരുന്നതിനൊപ്പം സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചും, കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താതെയും, റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഇല്ലാതെയും സംസ്ഥാനം ആവശ്യപ്പെട്ട പദ്ധതികളോട് നിഷേധാത്മക സമീപനം സ്വീകരിച്ചുകൊണ്ട് നവകേരള നിർമാണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ തടയുന്ന നടപടികളാണ് ബജറ്റിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് കെ കെ ശൈമേഷും ജനറൽ സെക്രട്ടറി രജീഷ് സിയും പത്രക്കുറിപ്പിൽ അറിയിച്ചു.