ഓസ്‌ട്രേലിയയിൽ STEM രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നത് ലക്ഷ്യമിട്ട് 15.9 മില്യൺ ഡോളറിന്റെ പുതിയ ഫണ്ടിംഗ് പ്രഖ്യാപിച്ചു.
ഇത് വഴി ശാസ്ത്രം, എഞ്ചിനീയറിംഗ്, കണക്ക്, ടെക്‌നോളജി (STEM) രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ഇൻഡസ്ട്രി ആൻഡ് സയൻസ് മന്ത്രി എഡ് ഹുസിക് പറഞ്ഞു.
നാലാം തവണയാണ് വിമൻ ഇൻ STEM എന്ന പദ്ധതി വഴി ഫെഡറൽ സർക്കാർ ഫണ്ടിംഗ് ലഭ്യമാക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ഉൾപ്പെടെ 17 സ്ഥാപനങ്ങൾക്കായാണ് ഈ ഫണ്ടിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.
STEM വിഷയങ്ങളിൽ പ്രാവിണ്യം നേടുന്നവർക്ക് ഓസ്‌ട്രേലിയയിൽ ഉയർന്ന വരുമാനത്തോടെ ജോലിയിൽ പ്രവേശിക്കാൻ അവസരങ്ങൾ കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ഫണ്ടിംഗ് ലഭിച്ചിട്ടുള്ള ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി STEM എൻറിച്ച്‌മെന്റ് അക്കാദമി ഡയറക്ടറും ഫിസിക്‌സ് പ്രൊഫസറുമായ മരിയ പറപ്പിള്ളി OAM എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
സൗത്ത് ഓസ്‌ട്രേലിയയിലെയും നോർത്തേൺ ടെറിട്ടറിയിലെയും പെൺകുട്ടികൾക്ക് STEM മേഖലയിൽ വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
1,000 പെൺകുട്ടികൾക്ക് STEM കോഴ്‌സുകളിലേക്ക് കടന്നുവരുവാൻ പുതിയ ഫണ്ടിംഗ് സഹായിക്കുമെന്ന് മരിയ പറപ്പിള്ളി വ്യക്തമാക്കി.
ശാസ്ത്രം, എഞ്ചിനീയറിംഗ്, കണക്ക്, ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ ഒന്പതാം ഗ്രേഡിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഫ്ലിൻഡേഴ്‌സ് സർവകലാശാല പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ ഫെഡറൽ സർക്കാർ ഫണ്ടിംഗ് 150 സെക്കണ്ടറി സ്കൂൾ അധ്യാപകർക്ക് STEM കോഴ്‌സുകളിൽ കൂടുതൽ പരിശീലനം നൽകാനും സഹായിക്കും.
ഓസ്‌ട്രേലിയയിലെ ബഹിരാകാശ രംഗത്ത് തൊഴിൽ സാധ്യതകൾ കൂടുന്നതായും, STEM വിദ്യാഭ്യാസം രംഗത്തേക്ക് പ്രവേശിക്കാൻ സഹയിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാവിയിലെ തൊഴിലവസങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയും പരിശീലനവും നൽകുകയാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്ന് മരിയ പറപ്പിള്ളി വ്യക്തമാക്കി.