ന്യൂഡൽഹി > ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിനെ സംരക്ഷിക്കാൻ എൽഐസിക്ക് പുറമെ രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ എസ്ബിഐയും. 20000 കോടി രൂപ സമാഹരിക്കുന്നതിനായി അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ എഫ്പിഓയിൽ (തുടർ ഓഹരിവിൽപ്പന) എൽഐസി 300 കോടി രൂപ നിക്ഷേപിച്ചതിന് പുറമെ എസ്ബിഐ 225 കോടി രൂപയും നിക്ഷേപിച്ചു. എസ്ബിഐ ലൈഫ് ഇൻഷുറൻസ് 125 കോടി രൂപയും എസ്ബിഐ എംപ്ലോയീസ് പെൻഷൻ ഫണ്ട് 100 കോടിയുമാണ് നിക്ഷേപിച്ചത്. വൻകിട നിക്ഷേപകർക്കായി അദാനി നീക്കിവച്ച ഓഹരികളാണ് എൽഐസിയും എസ്ബിഐയും വാങ്ങിക്കൂട്ടിയത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം നടത്തിയ ഈ നിക്ഷേപങ്ങളിലൂടെയും എസ്ബിഐക്കും എൽഐസിക്കും കൈപൊള്ളി. ഒരു ഓഹരിക്ക് 3276 രൂപ എന്ന തോതിലാണ് എൽഐസിയും എസ്ബിഐയും അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ വാങ്ങിയത്. എന്നാൽ അദാനിയുടെ എന്റർപ്രൈസസ് ഓഹരിയുടെ വില 2721 രൂപയിലേക്ക് കൂപ്പുകുത്തി. ഇതോടെ എൽഐസിയുടെ 300 കോടി നിക്ഷേപത്തിന്റെ മൂല്യം 249 കോടിയിലേക്ക് ചുരുങ്ങി. ഒറ്റ ദിവസംകൊണ്ട് 51 കോടിയുടെ നഷ്ടം. എസ്ബിഐ ലൈഫ്ഇൻഷുറൻസിന്റെ 125 കോടി നിക്ഷേപം 104 കോടിയിലേക്ക് ചുരുങ്ങി. 21 കോടി നഷ്ടം. എസ്ബിഐ എംപ്ലോയീസ് പെൻഷൻ ഫണ്ടിന്റെ 100 കോടി നിക്ഷേപം 83 കോടിയായി ചുരുങ്ങി. 17 കോടിയുടെ നഷ്ടം.
തുടര് ഓഹരി വിൽപ്പന; നിക്ഷേപകർക്ക് തണുപ്പൻ പ്രതികരണം
ന്യൂഡൽഹി > ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനിയുടെ തുടര്ഓഹരിവില്പനയോട് (എഫ്പിഒ) ചെറുകിട നിക്ഷേപകരിൽനിന്ന് തണുപ്പൻ പ്രതികരണം. എഫ്പിഒയുടെ ആദ്യ ദിവസം വിൽപ്പനയ്ക്ക് വച്ച ഓഹരികളിൽ ഒരു ശതമാനം മാത്രമാണ് വിറ്റത്. ആകെ 14908 കോടി രൂപയുടെ ഓഹരികളാണ് 3112–-3276 രൂപ വിലനിരക്കിൽ വിൽക്കുള്ളത്.
തണുപ്പൻ പ്രതികരണമാണെങ്കിലും എഫ്പിഒയിൽ മാറ്റംവരുത്തില്ലെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. ഇനി രണ്ടുദിവസം കൂടി മാത്രമാണ് വിൽപ്പന സമയമുള്ളത്. വരുംദിവസങ്ങളിൽ ചെറുകിട നിക്ഷേപകരും താൽപ്പര്യം എടുക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. വിപണിയിൽ ഓഹരി വില കുത്തനെ ഇടിഞ്ഞെങ്കിലും അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ വിലനിരക്കിൽ മാറ്റം വരുത്തില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.