തിരുവനന്തപുരം > ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് തിങ്കളാഴ്ച മൂന്നാണ്ട്. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത് 2020 ജനുവരി 30നായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.
നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി രണ്ട് വർഷവും ആശ്വാസത്തിന്റെ മറ്റൊരു വർഷവുമാണ് കടന്നുപോയത്. വൈറസിന്റെ അഞ്ചാം വകഭേദമായ ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണ് നിലവിൽ ലോകത്തെ ആശങ്കയിലാക്കുന്നത്. ആദ്യകേസിന് രണ്ടുമാസത്തിനുശേഷം മാർച്ച് 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്. ഫെബ്രുവരി മൂന്നിന് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ച് 24ന് രാജ്യത്ത് ആദ്യമായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പിന്നീട് പ്രതിരോധത്തിന്റെ കനത്ത മതിൽ തീർത്ത് കേരളം കോവിഡിനെതിരെ ശക്തമായി നിലകൊണ്ടു.
ഇതുവരെ 67,56,874 കോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 71,574 മരണവും. നിലവിൽ 50ൽ താഴെ രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. രോഗികൾക്കെല്ലാം കൃത്യമായ ചികിത്സയും മറ്റ് സംസ്ഥാനങ്ങൾക്കടക്കം ഓക്സിജനും നൽകി കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായി. സംസ്ഥാനത്ത് മാസ്ക് സാനിറ്റെസർ ഉപയോഗം ഉറപ്പാക്കാൻ എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരമുള്ള വിജ്ഞാപനം സർക്കാർ ഈ മാസം 16ന് പുതുക്കി.
ധനസഹായത്തിലും മുന്നിൽ
കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള 50,000 രൂപയുടെ ധനസഹായം നൽകുന്നതിലും കേരളമാണ് മുന്നിൽ. ഇതുവരെ ലഭിച്ച 68,162 അപേക്ഷയിൽ 65,892 എണ്ണം അംഗീകരിച്ചു. 324.79 കോടി രൂപ വിതരണം ചെയ്തു. ഗൃഹനാഥൻ/നാഥ മരിച്ച ബിപിഎൽ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇതുവരെ 7877 കുടുംബത്തിന് അനുവദിച്ചു. മൂന്നുവർഷത്തേക്ക് പ്രതിമസം 5000 രൂപയാണ് സഹായം. ഇതിനായി 1,44,45,000 രൂപ അനുവദിച്ചു.