ന്യൂഡൽഹി
മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കി ഇന്ത്യ. ഭാരത് ബയോടെക് നിർമിച്ച ഇൻകോവാക് നേസല്‍ കോവിഡ് വാക്സിന് കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിങ്ങും ചേര്‍ന്ന് റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കി. രണ്ട് ഡോസായും ബൂസ്റ്റര്‍ ഡോസായും വാക്സിൻ ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കൊറോണ വൈറസിനെതിരെ എളുപ്പവും വേദനയില്ലാത്തതുമായ പ്രതിരോധമരുന്നായി ഇത് ഉപയോഗിക്കാമെന്ന് ഭാരത് ബയോടെക് പറയുന്നു.
വാക്സിന് ഉയർന്ന പ്രതിരോധശേഷിയുണ്ടെന്നാണ് അവകാശവാദം. ആദ്യം സ്വകാര്യ ആശുപത്രികളിലൂടെമാത്രമായിരിക്കും വിതരണം. കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 800 രൂപയ്ക്കുമാണ് നൽകുക. ഏത് വാക്സിനെടുത്ത 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി വാക്സിന് സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്സിന് സ്വീകരിക്കുന്നവര്‍ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസ് എടുക്കേണ്ടത്.